SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.43 AM IST

ബി.ഇ.എം.എല്ലിൽ ഡ്യൂറബിലിറ്റി ടെസ്റ്റ് ട്രാക്കുകൾ ഒരുങ്ങുന്നു

beml
കഞ്ചിക്കോട്ടെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്(ബി.ഇ.എം.എൽ).

വാളയാർ: പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ബി.ഇ.എം.എല്ലിൽ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ഡ്യൂറബിലിറ്റി ടെസ്റ്റ് ട്രാക്കുകൾ ഒരുങ്ങുന്നു. വാഹനങ്ങളുടെ ഈടു നിൽപ്പും ദീർഘകാല പ്രവർത്തനക്ഷമതയും പരിശോധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത സംവിധാനമാണിത്. ഇവിടെ അത്യാധുനിക ഡ്യൂറബിലിറ്റി ടെസ്റ്റ് ട്രാക്കുകളുടെയും റോഡ് ട്രയൽസ് ടെസ്റ്റ് ട്രാക്കുകളുടെയും നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. വാഹനങ്ങളുടെ ബലം പരിശോധിക്കൽ, സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കൽ, കഠിനമായ ഉപരിതലത്തിൽ ഓടിച്ച് ക്ഷമത ഉറപ്പാക്കൽ എന്നിവയാണ് ട്രാക്കിൽ പ്രധാനമായും പരിശോധിക്കപ്പെടുക. വാഹനങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്റർ ഓടുമ്പോൾ ഉണ്ടാകുന്ന തേയ്മാനം ഒരാഴ്ച്ച കൊണ്ടുള്ള പരിശോധനയിൽ കണക്കാക്കാനാവുമെന്നതും പ്രധാന സവിശേഷതയാണ്. സ്വന്തമായി ടെസ്റ്റ് ട്രാക്കുകൾ സജ്ജമാകുന്നതോടെ ഇവിടെ നിർമ്മിക്കുന്ന വലിയ സൈനിക വാഹനങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കാനാകും. ഇത് മൂലം സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഒഴിവാക്കാനാകും. നിശ്ചിത ഫീസ് ഈടാക്കി സ്വകാര്യ കമ്പനികൾക്ക് പരിശോധനാ സൗകര്യം നൽകി അധിക വരുമാനം ഉണ്ടാക്കാനും കഴിയും.ബെൽജിയൻ പേവ്, കോറഗേറ്റഡ് സർഫേസ്, പോട്ട് ഹോളുകൾ എന്നിവയടങ്ങിയ ഡ്യൂറബിലിറ്റി ട്രാക്കുകളാണ് നിർമ്മിക്കുന്നത്. കടുപ്പമേറിയ പ്രകൃതിദത്ത കല്ലുകൾ ഉപയോഗിച്ചുള്ള പ്രത്യേക തരം റോഡാണ് ബെൽജിയൻ പേവ്. ഉപരിതലത്തിൽ കുഴികളുള്ള റോഡ് ആണ് പോട്ട് ഹോൾ. മടക്കുകളോ തരംഗരൂപത്തിലുള്ള വരമ്പുകളോ ചാലുകളോ മാറി മാറി വരുന്ന രീതിയിൽ ഉപരിതലമുള്ള റോഡുകളാണ് കോറഗേറ്റഡ് സർഫേസ്. പ്രതിരോധ വാഹനങ്ങൾക്ക് കൃത്യതയോടെയുള്ള പരിശോധന ഉറപ്പ് വരുത്താൻ കഴിയുന്ന ഇത്തരം ട്രാക്കുകളുടെ നിർമ്മാണമാണ് പൂർത്തിയായി വരുന്നത്. 2009 ജനുവരി 18 നാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ട ബി.ഇ.എം.എൽ 2010 മേയ് 16 നാണ് രാജ്യത്തിന് സമർപ്പിച്ചത്. പ്രതിരോധ വാഹനങ്ങൾ, മിലിട്ടറി ഉപകരണങ്ങൾ, റെയിൽവെ കോച്ചുകൾ എന്നിവയുടെ ഉദ്പാദനമായിരുന്നു പ്രധാന പ്രവർത്തനം. ഇപ്പോൾ 4300 കോടി വിറ്റുവരവുള്ള ലാഭകരമായി പ്രവർത്തിക്കുന്ന പൊതമേഖലാ സ്ഥാപനമായി ബി.ഇ.എം.എൽ വളർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BEML
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL