SignIn
Kerala Kaumudi Online
Saturday, 10 October 2026 3.09 AM IST

കഞ്ചിക്കോട്ടെ നിർമ്മാണം: പ്രശ്നങ്ങൾ പരിഹരിക്കാതെ ഹൈവേ അതോറിറ്റി

nhai
പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനും കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനും ഇടയിൽ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങൾ.

വാളയാർ: മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്, നിത്യേന വാഹനാപകടങ്ങൾ, എങ്ങും പൊടിപടലങ്ങൾ, ചെളി കെട്ടി നിൽക്കുന്ന റോഡുകൾ, സർവീസ് റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന ചാലുകൾ, വണ്ടി നിറുത്താൻ സ്ഥലമില്ലാതെ വലയുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ, ഗതി മാറി ഓടുന്ന ബസുകൾ, പൊട്ടിയ കുടിവെള്ള പൈപ്പുകൾ.... ദേശീയപാത നിർമ്മാണം നടക്കുന്ന കഞ്ചിക്കോട്ടെ ദൃശ്യങ്ങളാണിവ. മൂന്ന് മാസം മുമ്പാണ് ദേശീയപാത പുനർ നിർമ്മാണത്തിനായി കരാറുകാർ എത്തിയത്. പെട്ടെന്നായിരുന്നു ഇവരുടെ നീക്കങ്ങൾ. നിരവധി ജെ.സി.ബികളെത്തി. സർവീസ് റോഡുകൾ പൊളിച്ചു. റോഡരികിൽ കിടങ്ങുകൾക്ക് സമാനമായ ചാലുകൾ കുഴിച്ചു. ദേശീയപാത മുറിച്ച് കടക്കുന്ന ഭാഗങ്ങൾ അടച്ചു. പലയിടത്തും ഹൈവേ ഒരു ഭാഗം അടച്ച് ഡബിൾ റോഡുകൾ സിംഗിൾ റോഡുകളാക്കി മാറ്റി. കഞ്ചിക്കോട് വിഭജിക്കപ്പെട്ട നിലയിലായി. റോഡ് മുറിച്ച് കടക്കണമെങ്കിൽ 5 കിലോമീറ്റർ ചുറ്റണമെന്ന നിലയായി.

 പൊലിഞ്ഞത് 7 ജീവൻ
അശാസ്ത്രീയ ഗതാഗത പരിഷ്‌കാരത്തിന്റെ ഇരകളായി ഏഴ് ജീവനാണ് ഇതിനകം ദേശീയ പാതയിൽ പൊലിഞ്ഞത്. സഹികെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം സമരം പ്രഖ്യാപിച്ചു. തുടർന്ന് പഞ്ചായത്ത് വിഷയം ഏറ്റെടുക്കുകയും ചെയ്തു. പഞ്ചായത്തും ഹൈവേ അതോറിറ്റിയും തമ്മിൽ ചർച്ച നടന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ഹൈവേ അതോറിറ്റി പത്ത് ദിവസത്തെ സമയം ആവശ്യപ്പെട്ടു. പക്ഷെ കാര്യങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. ഹൈവേ അതോറിറ്റി പഴയ പടി തന്നെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. രണ്ടോ മൂന്നോ വർഷം നീണ്ട നിർമ്മാണമായതിനാൽ ഇതേ രീതി തുടർന്നാൽ ഇത്രയും കാലം ജനം ദുരിതം സഹിക്കേണ്ടിവരും.


നിർമ്മാണത്തിന്റെ കാര്യത്തിൽ കരാറുകാർ ഇതര സംസ്ഥാനങ്ങളിലെ രീതിയാണ് അവലംബിക്കുന്നത്. ഇത് പ്രായോഗികമല്ല. അവിടങ്ങളിൽ ഹൈവേ പരിസരം വിജനമാണ്. ഇവിടെ ജനവാസ മേഖലയാണ്. വീടുകളിലേക്കുള്ള വഴികൾ തടസപ്പെടുകയും പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഈ രീതി തുടരാനാവില്ല.

-വി.ബിജോയ്, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL