കൊല്ലം: അച്ഛൻ കാട്ടിയ കായികവഴികളിലെ പാഠങ്ങൾ ട്രാക്കിലെ വിജയമന്ത്രമാക്കിയതിന്റെ ആവേശത്തിലാണ് അഞ്ചൽ വെസ്റ്റ് ജി.എച്ച്.എസ്.എസിലെ ശ്രീനാഥ്. ജൂനിയർ വിഭാഗം 800 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയാണ് ഏരൂരുകാരൻ കളം വാണത്. റേസ് വാക്കിംഗിലും ക്രോസ് കൺട്രി മത്സരങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന ഏരൂർ ഷീജ ഭവനിൽ ഓട്ടോറിക്ഷ ഡ്രൈവർ ഷിജുവാണ് പിതാവ്. കഴിഞ്ഞ ഏഴ് വർഷമായി കഠിന പരിശീലനത്തിലാണ് ഈ കൊച്ചുകായികതാരം. മുമ്പ് 2024-ൽ 100, 400 മീറ്റർ റിലേ മത്സരങ്ങളിലും ശ്രീനാഥ് സംസ്ഥാന തലത്തിൽ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന 400 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ ശ്രീനാഥ്, 800 മീറ്ററിലെ സുവർണ നേട്ടത്തിലൂടെ തന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. പരിശീലകൻ സൗഹൃദിന്റെ മാർഗനിർദേശങ്ങളാണ് വിജയത്തിന് പിന്നിൽ.
ബിരുദ വിദ്യാർത്ഥിയായ സഹോദരൻ ശ്രീവിനായകും ജില്ലാ കായികമേളയിൽ 100, 200 മീറ്റർ മത്സരങ്ങളിൽ മെഡലുകൾ വാരികൂട്ടിയിട്ടുണ്ട്. അച്ഛൻ വിയർപ്പൊഴുക്കിയ വഴികളിലൂടെ കനകകിരീടം ചൂടി മുന്നേറുകയാണ് ഈ സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |