SignIn
Kerala Kaumudi Online
Monday, 02 November 2026 5.14 AM IST

രാത്രി അപകട പരമ്പര: മംഗലംപാലംബൈപ്പാസ് ജംഗ്ഷൻ ഇരുട്ടിൽ

bypass
രാത്രി ഇരുട്ടിലാകുന്ന മംഗലംപാലത്തെ ബൈപാസ് ജംഗ്ഷൻ.

വടക്കഞ്ചേരി: മംഗലം പാലത്തിനടുത്തെ ബൈപ്പാസ് ജംഗ്ഷൻ ഇരുട്ടിൽ. ഇവിടെ രണ്ടോ മൂന്നോ കടകളാണ് വഴിവക്കിലുള്ളത്. ഈ കടകളിലെ ചെറിയ വെളിച്ചം മാത്രമാണ് രാത്രി ഇവിടെ ഉണ്ടാവുക. രാത്രി വൈകി കടകൾ അടച്ചാൽ പിന്നെ പ്രദേശം പൂർണമായും ഇരുട്ടിലാകും. ഇതുമൂലംറോഡ് പരിചയമില്ലാത്ത നിരവധി വാഹന യാത്രികർ അപകടത്തിൽ പ്പെടുന്നതായി കച്ചവടക്കാർ പറയുന്നു. നെന്മാറ റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വടക്കഞ്ചേരിയിലെ മേൽപ്പാലംപോലെ ഈ ജംഗ്ഷനിലും ഏത് സമയവും കുത്തി പൊളിക്കലാണ്. എന്നിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പിന് കഴിയുന്നില്ല. എൻജിനീയർമാർ ചുറ്റും നിന്ന് പണി നടത്തുന്ന സ്ഥലത്താണ് ഇപ്പോൾ വെളിച്ചമില്ലാത്ത സ്ഥിതിയുള്ളത്. ഇടതുഭാഗത്ത് കുത്തി പൊളിക്കൽ നടക്കുന്നതിനാൽ വലതു ഭാഗം വഴിയാണ് വാഹനങ്ങൾ ഇരു ദിശയിലേക്കും പോകുന്നത്. ഇരുചക്ര വാഹനങ്ങൾ, ചെറിയ കാറുകൾ ഉൾപ്പെടെ വെളിച്ചക്കുറവുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുമ്പോൾ വഴിതെറ്റി ഡിവൈഡറിലും കല്ലിലും മറ്റും ഇടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്. വെളിച്ചമില്ലാത്ത ഇവിടെ ഡ്രെയിനേജിനായി ആഴത്തിലുള്ള ചാലുകളും കുഴിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെ പോകുന്ന വലിയ വാഹനങ്ങളുടെ ലൈറ്റടിച്ച് വാഹനം നിയന്ത്രണം വിട്ടാൽ വൻ ദുരന്തവും ഇവിടെ സംഭവിക്കും. ഇപ്പോൾ രാത്രി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ രാത്രിയിലും രണ്ട് ബൈക്കും കാറും അപകടത്തിൽപ്പെട്ടിരുന്നു. ബൈപ്പാസിന്റെ ഡിവൈഡറുകളിൽ ലൈറ്റിന്റെ പോസ്റ്റുകൾ ഉണ്ടെങ്കിലും ഒന്നും തെളിയുന്നില്ല. ബൈപ്പാസ് ജംഗ്ഷനിൽ വെളിച്ച സംവിധാനം ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL