ചിറ്റൂർ: പുഴയിലെ മാലിന്യങ്ങൾ ശേഖരിച്ച് ജലം ശുദ്ധീകരിക്കാം, ഫാക്ടറികളിൽ നിന്നുള്ള പുക സംസ്‌കരിച്ച് വായുവും ശുദ്ധീകരിക്കാം. പരിസ്ഥിതി മലിനീകരണത്തിന് ഒരേ മാതൃകയിൽ ഇരട്ട പരിഹാരവുമായി തൃത്താല ഡി.കെ.ബി.എം.എം എച്ച്.എസ്.എസിലെ കെ.എ.അഭയും എൻ.യാസീൻ യൂസഫും ചേർന്ന് ഒരുക്കിയ 'വായുജല രക്ഷക' ബോട്ട് ശ്രദ്ധേയമാകുകയാണ്. പുഴകളിലെ മാലിന്യങ്ങൾ ശേഖരിച്ച് ജലം ശുദ്ധീകരിക്കുന്ന സംവിധാനമാണ് ബോട്ടിന്റെ പ്രധാന സവിശേഷത. ബോട്ടിന്റെ മുൻവശത്ത് ഘടിപ്പിച്ച കൺവെയർ ബെൽറ്റ് ഉപയോഗിച്ച് പുഴയിലെ മാലിന്യങ്ങൾ ബോട്ടിനുള്ളിലേക്ക് ശേഖരിക്കും. തുടർന്ന് വിവിധ ഘട്ടങ്ങളിലൂടെയാണ് ജലശുദ്ധീകരണം. ആദ്യം ചെറിയ ഖരകണങ്ങൾ നീക്കം ചെയ്യും. പിന്നീട് വെള്ളത്തിൽ കലർന്ന എണ്ണയും രാസവസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിക്കും. ആക്ടിവേറ്റഡ് ചാർക്കോൾ, മണൽ, ചുണ്ണാമ്പുകല്ല്, കൊഞ്ചിൻ തോട് എന്നിവയും ശുദ്ധീകരണ പ്രക്രിയയിൽ ഉപയോഗിക്കുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സൂക്ഷ്മ മാലിന്യങ്ങൾ വരെ നീക്കം ചെയ്ത ശേഷം ശുദ്ധീകരിച്ച ജലം പുഴയിലേക്ക് തന്നെ തിരിച്ചൊഴുക്കും. വായു മലിനീകരണം തടയാനുള്ള സംവിധാനവും ഇതിന്റെ ഭാഗമാണ്. ഫാക്ടറികളിൽനിന്ന് പുറത്തുവരുന്ന പുക ഫാനിന്റെ സഹായത്തോടെ വലിച്ചെടുത്ത് തണുപ്പിക്കും. തുടർന്ന് ദുർഗന്ധവും മാലിന്യകണങ്ങളും അരിച്ചുമാറ്റി രാസവസ്തുക്കളുടെ സഹായത്തോടെ സംസ്‌കരിക്കും. ശുദ്ധീകരണത്തിന്റെ തുടർഘട്ടത്തിൽ ആൽഗകളുടെ സഹായത്തോടെ പ്രകാശ സംശ്ലേഷണം നടത്തി കാർബൺ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്. തുടർന്ന് ശുദ്ധവായു പുറന്തള്ളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |