SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

തിരുവാഭരണം വഹിക്കുന്ന വലിയ ഗുരുസ്വാമിക്ക് നവതി

3
വലിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള

പത്തനംതിട്ട : തിരുവാഭരണ പേടകം ചുമക്കാൻ അയ്യപ്പ കടാക്ഷം ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം, നവതിയുടെ നിറവിൽ നിൽക്കുമ്പോഴും അയ്യപ്പകൃപയാണ് തന്റെ ജീവിതമെന്ന് ആവർത്തിക്കുന്നു വലിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള. 18-ാം വയസിൽ തിരുവാഭരണ പേടക വാഹകസംഘത്തിൽ അച്ഛൻ ഗുരുസ്വാമിയായിരുന്ന കുളത്തിനാൽ നാരായണപിള്ളയ്ക്കൊപ്പം തുടങ്ങിയ യാത്ര 72-ാം വർഷം മുടങ്ങാതെ തുടരാനായി. അക്കാലത്ത് തിരുവാഭരണ പേടകങ്ങൾ ചുമന്നിരുന്നത് ആറംഗ സംഘമാണ്. കാടും മേടും വന്യമൃഗങ്ങളും വിഹരിച്ചിരുന്ന വനത്തിലൂടെയുള്ള യാത്രയിലും സുരക്ഷയ്ക്കായി ഉണ്ടായിരുന്നത് നാല് പൊലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു. 20 വർഷം മുമ്പ് ഗുരുസ്വാമിയായിരുന്ന കൊച്ചുതുണ്ടിൽ ഭാസ്‌കരൻപിള്ളയുടെ വിടവാങ്ങലിനുശേഷമാണ് കുളത്തിനാലിൽ ഗംഗാധരൻപിള്ള ഗുരുസ്വാമിയായത്. അന്നുമുതൽ ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടംതട്ടാതെ ഭഗവാന്റെ ആഭരണങ്ങൾ ശബരിമലയിലേക്കും തിരികെ പന്തളത്തേക്കും എത്തിക്കുന്നതിന്റെ ചുമതല നിർവഹിക്കാനായത് മഹാപുണ്യമായിട്ടാണ് ഗംഗാധരൻപിള്ള കരുതുന്നത്. 83 കിലോമീറ്റർ നീളുന്ന പന്തളം താര എന്നറിയപ്പെടുന്ന പരമ്പരാഗത പാതയിലൂടെ തിരുവാഭരണ പേടകങ്ങളും ചുമലിലേറ്റി നീങ്ങുന്ന സംഘത്തിന്റെ ശക്തിയും മാർഗദർശിയുമാണ് ഗുരുസ്വാമി. പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്ന് യാത്രയുടെ തുടക്കത്തിൽ തിരുവാഭരണപ്പെട്ടി തലയിലേറ്റുന്നതും ശബരിമല സന്നിധാനത്തേക്കെത്തിക്കുന്നതും ഗുരുസ്വാമിയാണ്. അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നാണ് നവതിയുടെ നിറവിൽ ഗംഗാധരൻ പിള്ളയുടെ പ്രാർത്ഥന.

ഇന്ന് രാവിലെ തോന്നല്ലൂർ ഭഗവതീക്ഷേത്രത്തിൽ ഗുരുസ്വാമിയെ ആദരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ, അയ്യ സേവാ സമാജം, അയ്യപ്പ സേവാസംഘം തുടങ്ങി വിവിധ സംഘടനാ ഭാരവാഹികൾ, സന്യാസിശ്രേഷ്ഠന്മാർ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL