SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

ചെങ്ങന്നൂർ - പമ്പ റെയിൽപാത, കടമ്പകളേറെ

rail

ശബരിമല : കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയെങ്കിലും ചെങ്ങന്നൂർ - പമ്പ റെയിൽ പാത യാഥാർത്ഥ്യമാകാൻ കടമ്പകളേറെ കടക്കണം. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടാൽ മാത്രമേ പദ്ധതിക്ക് ജീവൻവയ്ക്കൂ. 2018ലെ പ്രളയത്തിന് ശേഷം പമ്പയിൽ നിർമ്മാണങ്ങൾക്കും വാഹന പാർക്കിംഗിനും കർശന നിയന്ത്രണമാണുള്ളത്. പെരിയാർ ടൈഗർ റിസർവ് വനമേഖലയും റാന്നി ഫോറസ്റ്റ് ഡിവിഷനും അതിർത്തി പങ്കിടുന്ന പ്രദേശംകൂടിയാണ് പമ്പ. ഇവിടെ നിർമ്മാണം നടത്തണമെങ്കിൽ ഏറെ കടമ്പകളുണ്ട്.
പുതിയ റെയിൽ പദ്ധതി ചെങ്ങന്നൂരിൽ നിന്ന് തുടങ്ങി 75 കിലോമീറ്റർ ദൂരത്തിൽ 50 മിനിട്ടിൽ പമ്പ ഹിൽടോപ്പിന് സമീപം എത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഹിൽടോപ്പിലെ ഇലക്ട്രിക് സബ് സ്റ്റേഷനേയും അലൈമെന്റ് പൂർത്തിയാക്കിയ റോപ് വേ പദ്ധതിയെയും പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്. കൂടാതെ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. ഇതിനായി വനഭൂമി ലഭ്യമാക്കുക എന്നത് ഏറെ ദുഷ്കരമാണ്.
റെയിൽ മാർഗം ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകർ പമ്പയിലേക്ക് എത്തിയാൽ, കോടികൾ മുടക്കി നിലയ്ക്കൽ ബേസ് ക്യാമ്പിൽ ഒരുക്കിയ വികസന പദ്ധതികളെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലും സംസ്ഥാനത്തിന് വിവിധ തലങ്ങളിൽ നികുതി ഇനത്തിൽ ലഭിക്കുന്ന വരുമാനത്തിനും കുറവുണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന ക്ഷേത്രങ്ങളായ പന്തളം, എരുമേലി എന്നീ അയ്യപ്പക്ഷേത്രങ്ങളുടെയും ശരണപാതയിലെ മഹാക്ഷേത്രങ്ങളുടെയും വരുമാനത്തിൽ സാരമായ ഇടിവ് സംഭവിക്കാം. അതേസമയം വർഷത്തെ റെയിൽവേ വികസന പദ്ധതികളിൽ ചെങ്ങന്നൂർ - പമ്പ പാതയ്ക്ക് പ്രഥമ പരിഗണനയാണ് നൽകുന്നത്.

നിലയ്ക്കൽ നിലയ്ക്കും

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള തീർത്ഥാടകരിൽ ഭൂരിഭാഗവും ട്രെയിൻ മാർഗം കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെത്തി കെ.എസ്.ആർ.ടി.സി ബസുകളെയും സ്വകാര്യ വാഹനങ്ങളേയും ആശ്രയിച്ചാണ് നിലയ്ക്കൽ വഴി പമ്പയിൽ എത്തുന്നത്. പമ്പയിലെ പാർക്കിംഗ് പ്രതിസന്ധി ഒഴിവാക്കാൻ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. നിലയ്ക്കലിനെ പമ്പയുടെ ബേസ് ക്യാമ്പായി പരിഗണിച്ച് കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന വികസന പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ശബരിമലയിൽ തിരക്ക് കൂടുതലാകുമ്പോൾ തീർത്ഥാടകരെ നിലയ്ക്കലിൽ തടഞ്ഞുനിറുത്തിയാണ് നിയന്ത്രണ വിധേയമാക്കുന്നത്. തീർത്ഥാടനം റെയിൽ മാർഗമാകുമ്പോൾ നിലയ്ക്കലിന്റെ പ്രധാന്യം പൂർണമായും ഇല്ലാതാകും.

ചെങ്ങന്നൂർ - പമ്പ റെയിൽ പദ്ധതിയെ കുറിച്ച് ആധികാരികമായ അറിയിപ്പ് ദേവസ്വം ബോർഡിന് ലഭിച്ചിട്ടില്ല. തീർത്ഥാടകർക്ക് ഗുണമാകുന്ന ഏതുപദ്ധതിയേയും സ്വാഗതം ചെയ്യും. സുരക്ഷയും അടിസ്ഥാന വികസനവും സാദ്ധ്യമാക്കുന്ന പദ്ധതികൾക്കാണ് ദേവസ്വം ബോർഡ് മുൻഗണ നൽകുക.

പി.എസ്.പ്രശാന്ത്

പ്രസിഡന്റ്,

തിരുവിതാംകൂർ ദേവസ്വം ബോർഡ്

റോഡ് ഗതാഗതം

ചെങ്ങന്നൂർ പമ്പ : 90 കിലോമീറ്റർ

സമയം 2.15 മണിക്കൂർ

ട്രെയിൻ വന്നാൽ

75 കിലോമീറ്റർ, 50 മിനിട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL