SignIn
Kerala Kaumudi Online
Thursday, 22 October 2026 10.50 AM IST

കിടപ്പുരോഗികൾക്കായി​ കുടുംബശ്രീയുടെ സാന്ത്വനമിത്ര

nu

പത്തനംതിട്ട : പൂർണസമയം പരിചരണം ആവശ്യമുള്ള രോഗികൾക്ക് സഹായവുമായി കുടുംബശ്രീയുടെ സാന്ത്വനമിത്ര പദ്ധതി. തദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും വിജ്ഞാന കേരളം പദ്ധതിയുടെയും പൂർണമായ പി​ന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാന്ത്വന പരിചരണ കെയർ ഗിവർമാരെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തദ്ദേശസ്ഥാപന തലത്തിൽ സി.ഡി.എസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ സേവന പരിചരണ തൊഴിൽരംഗത്തേക്ക് കടന്നു വരാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വച്ച് പരിശീലനം നൽകുകയും ചെയ്യും. ആരോഗ്യ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പാലിയേറ്റിവ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പൂർണസമയ ആവശ്യമായവരുടെ പട്ടിക തയ്യാറാക്കി സേവനങ്ങൾ നൽകും. പഞ്ചായത്തു തലത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയാണ് നിയമനം നടത്തുക.

സാന്ത്വന മിത്ര

സർക്കാർ മേഖലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേത്യത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. എന്നാൽ പൂർണ സമയ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തിന് മാറ്റം വരുത്തുകയും പൂർണമായും രോഗീ പരിചരണം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് സാന്ത്വനമിത്ര.

ജില്ലയിൽ പരിശീലനം നേടിയവർ 500

ജില്ലയിൽ ആദ്യഘട്ടത്തിൽ 500 അംഗങ്ങൾക്ക് പരിശീലനം നൽകി രോഗി പരിചരണ തൊഴിൽ രംഗത്തേക്ക്

എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരള കെയർ സർവീസ് ഡാഷ് ബോർഡ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിൽ 9260 കിടപ്പുരോഗികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുള്ളത്. ഇതിൽ 25 ശതമാനം കുടുംബങ്ങളിലെങ്കിലും കെയർ ഗിവർമാരുടെ സേവനം ആവശ്യമുള്ളവരോ നിലവിൽ പ്രയോജനപ്പെടുത്തുന്നവരോ ആണ്. സ്വകാര്യ ഹോം നഴ്‌സിംഗ് ഏജൻസികളെയാണ് ഇതിനായി കൂടുതലായി​ ആശ്രയിക്കുന്നത്. പ്രാദേശികമായി ആളുകളെ ലഭിക്കാത്ത അവസ്ഥയും പരിശീലനത്തിന്റെയും മേൽനോട്ടത്തിന്റെയും അഭാവവും നിലവിലുണ്ട്. എന്നാൽ ഈ സേവനം പ്രയോജനപ്പെടുത്താൻ സാമ്പത്തികമായി സാധിക്കാത്ത നിരവധി കുടുംബങ്ങൾ ഉണ്ട്. ചെറിയ നിരക്കിൽ ഇവർക്കായി സേവനം നൽകുകയാണ് കുടുംബശ്രീ.

ജില്ലയിലെ കിടപ്പുരോഗികൾ : 9260

പരിശീലനം ലഭിച്ച അംഗങ്ങളുടെ കൂട്ടായ്മയെ ഒരു സംരംഭമായി രജിസ്റ്റർ ചെയ്യുകയും ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന മൈക്രോ കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തും. ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിരിക്കുന്ന കോൾ സെന്ററുകൾ വഴിയും പൊതുജനങ്ങൾക്ക് സാന്ത്വന മിത്രയുടെ സേവനം ആവശ്യപ്പെടാം.

ആർ.രേഷ്മ

എസ്.വി.ഇ.പി ജില്ലാ പ്രോഗ്രാം മാനേജർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL