
കണ്ണൂർ: തലശ്ശേരിയിൽ സ്വർണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അശോക്‌കുമാർ യശ്വന്തിന്റെ കാർ അക്രമി സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇന്നലെ പുലർച്ചെ പയ്യന്നൂരിനു സമീപം നടന്ന ആക്രമണത്തിൽ സ്വർണവ്യാപാരിക്കും ഡ്രൈവർക്കും പരിക്കേറ്റു. പിന്നീട് കണ്ണൂർ പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിനു സമീപം ഒഴിഞ്ഞ പറമ്പിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ ഉൾഭാഗങ്ങൾ കുത്തിപ്പൊളിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അകത്ത് ചോര ഒലിച്ചിറങ്ങി കട്ടപിടിച്ച പാടുകളുണ്ട്. കുട്ടികളുടെ ഉടുപ്പുകൾ ഉൾപ്പെടെ വസ്ത്രങ്ങളും ബാഗുകളും പുറത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
അശോക് കുമാർ യശ്വന്തിന്റെ ഗ്രേ നിറമുള്ള ഗ്രാൻഡ് വിറ്റാര കാറിൽ മഹാരാഷ്ട്ര സ്വദേശിയും സ്വർണ വ്യാപാരിയുമായ കുമാർ ജലന്ദർ നിഗം കുടുംബവുമൊത്ത് തലശ്ശേരിയിലേക്ക് വരികയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ കാസർകോട് കണ്ണൂർ ജില്ലാ അതിർത്തിയായ കാലിക്കടവ് കഴിഞ്ഞ് പയ്യന്നൂർ സർവീസ് റോഡിൽ എത്തിയപ്പോൾ രണ്ട് ഇന്നോവ കാറുകളിൽ പിന്തുടർന്നെത്തിയ ആറംഗ സംഘം വാഹനം തടഞ്ഞുവെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സംഘം കാർ ആക്രമിച്ച് ചില്ല് തകർത്തു. മുൻസീറ്റിൽ ഇളം കുഞ്ഞിനെ മടിയിലിരുത്തിയിരുന്ന ജലന്ദർ നിഗത്തെ പിടിച്ചിറക്കി. ഡ്രൈവറായ സച്ചിനെയും ആക്രമിച്ചു. തുടർന്ന് കാറുമായി മുന്നോട്ടുപോയ അക്രമികൾ പിൻ സീറ്റിലുണ്ടായിരുന്ന ഭാര്യയെയും മറ്റൊരു കുട്ടിയെയും വഴിയിൽ ഇറക്കി വിട്ടു. ഒറ്റപ്പെട്ടുപോയ കുടുംബം നടന്നും ഓട്ടോപിടിച്ചും പയ്യന്നൂർ ബസ് സ്റ്റാൻഡിലെത്തി ബസ്സിൽ തലശ്ശേരിയിലേക്ക് പോയി. അശോക്കുമാർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
രാവിലെ ആറു മണിയോടെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരും പിലാത്തറ കോഓപ്പറേറ്റീവ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനുമാണ് കാർ ആദ്യം ശ്രദ്ധിക്കുന്നത്. ബോണറ്റും ഡോറുകളും തുറന്ന നിലയിലും ഉൾഭാഗം പൂർണമായും കുത്തിപ്പൊളിച്ച നിലയിലുമായിരുന്നു വാഹനം. സീറ്റുകളും ഡാഷ്‌ബോർഡ് ഭാഗങ്ങളും ഫ്‌ളോർ മാറ്റുകളും അഴിച്ചുമാറ്റിയിരുന്നു. പരിയാരം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ, കാർ ഉടമ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിവരം ലഭിച്ചു.
അന്വേഷണം ഊർജിതം
സംഭവത്തിൽ കുമാർ ജലന്ദർ നിഗം പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. 25 ഗ്രാം സ്വർണ നെക്ലേസും കാറും കൊണ്ടുപോയെന്നാണ് ജലന്ദർ നിഗത്തിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. കാറിന്റെ സീറ്റുകളും ഡാഷ്‌ബോർഡും ഫ്‌ളോർ മാറ്റുകളും വരെ കുത്തിപ്പൊളിച്ചതിൽ നിന്ന്, രഹസ്യ അറകളിൽ ഒളിപ്പിച്ചിരുന്ന വൻ തോതിലുള്ള സ്വർണമോ കള്ളപ്പണമോ കവർന്നതാകാമെന്ന് പൊലീസ് സംശയിക്കുന്നു. അന്തർസംസ്ഥാന ബന്ധമുള്ള സ്വർണക്കള്ളക്കടത്ത് സംഘങ്ങളാകാം പിന്നിലെന്ന് പൊലീസ് കരുതുന്നു. പയ്യന്നൂർ മുതൽ പിലാത്തറ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |