
തിരുവല്ല : "ഇങ്ങോട്ട് കയറിയപ്പോൾ ഭാർഗവീനിലയത്തിലേക്ക് വന്നപോലുണ്ട് '. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ജവാൻ മദ്യം ഉത്പാദിപിക്കുന്ന ഫാക്ടറിയിലേക്ക് കഴിഞ്ഞ ദിവസം വന്നപ്പോൾ എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞതാണിത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മുത്തശ്ശിവൃക്ഷങ്ങൾ, വെയിൽ കടത്തിവിടാതെ തണൽവിരിച്ചു നിൽക്കുന്നു ആ കൂറ്റൻ മരങ്ങൾ. അതിൽ നിന്നുള്ള വള്ളികളും തൂങ്ങിക്കിടക്കുന്നു. ഇടയ്ക്കിടെ കാടും വളിപ്പടർപ്പും കയറിക്കിടക്കുന്ന സ്ഥലങ്ങൾ, ഇതിനിടയിൽ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്ന പഴയ കെട്ടിടങ്ങൾ, ഒരുവർഷം മുമ്പ് തീകത്തിനശിച്ച മദ്യത്തിന്റെ ഗോഡൗൺ, അലഞ്ഞിതിരിഞ്ഞു നടക്കുന്ന നായ്ക്കൾ, തലങ്ങും വിലങ്ങുമുള്ള വലിയ ഗേറ്റുകൾ, ഇതെല്ലാം കാണുന്ന ആരും ഭാർഗവീനിലയത്തെ ഓർത്തുപോകും.
നൂറേക്കറോളം വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പുളിക്കീഴിലെ റവന്യു ഭൂമിയുടെ ഒരു ഭാഗത്താണ് മദ്യ നിർമ്മാണം നടക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ പഞ്ചസാര ഫാക്ടറിയിലാണ് ഇപ്പോൾ ജവാൻ മദ്യത്തിന്റെ ഉത്പാദനം. വിദേശികളുടെ കാലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലാണ് ഓഫീസും അനുബന്ധ സൗകര്യങ്ങളുമെല്ലാം ഇപ്പോഴും തുടരുന്നത്. അലൂമിനിയം ഷീറ്റുകൾ കൊണ്ടുമറച്ചു നിർമ്മിച്ച താത്കാലിക ഗോഡൗൺ മാത്രമേ പുതിയതായുള്ളൂ. പഞ്ചസാര ഉത്പാദിപ്പിച്ചിരുന്ന കാലത്ത് തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാനായി നൽകിയിരുന്ന ആളൊഴിഞ്ഞ ക്വാർട്ടേഴ്‌സുകളും നിരവധിയുണ്ട്. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ചില സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഈ ക്വാർട്ടേഴ്‌സുകളിലാണ്.
ഐ.ടി പാർക്ക് വരുമോ ?
ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന്റെ കീഴിലുള്ള പുളിക്കീഴിലെ ഏക്കർ കണക്കിന് സ്ഥലം പതിറ്റാണ്ടുകളായി കാടുകയറി കിടക്കുകയാണ്. ഈ സ്ഥലം സർക്കാർ ഉപയോഗപ്പെടുത്തി എന്തെങ്കിലും വ്യവസായ സ്ഥാപനങ്ങൾ ഇവിടെ തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഐ.ടി പാർക്ക് ഉൾപ്പെടെ ഒട്ടേറെ നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. പുളിക്കീഴിൽ ഐ.ടി പാർക്ക് എന്ന ആവശ്യം ഈ ബഡ്‌ജറ്റിലും ഇടംപിടിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലം ലഭിക്കാതിരുന്ന കേന്ദ്ര കേരള സർവകലാശാലയുടെ നിയമ പഠനകേന്ദ്രം ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. പമ്പ, മണിമല നദികൾ സംഗമിച്ച് ഒഴുകുന്നതും ഈ സ്ഥലത്തിന്റെ പിന്നിലൂടെയാണ്. സ്ഥലംകിട്ടാതെ വ്യവസായ സംരംഭങ്ങൾ ഉപേക്ഷിക്കുന്ന സംസ്ഥാനത്ത് തിരുവല്ല -കായംകുളം പാതയോരത്തെ ഏക്കർകണക്കിന് കണ്ണായ സ്ഥലം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |