പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള നാളെ ഉച്ചക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, എം.പി മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
ആറൻമുള പാർത്ഥസാരഥീ ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപ ഘോഷയാത്ര വാദ്യമേളങ്ങളോടെ രാവിലെ 9.30ന് സത്ര പവലിയനിൽ എത്തിച്ചേരും. ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്ര ആരംഭിക്കും. ഏറ്റവും മുമ്പിലായി പാർത്ഥസാരഥിയുടെ തിരുവോണത്തോണി പരപ്പുഴകടവിലേക്ക് നീങ്ങും. ബി ബാച്ചിലെ എട്ട് പള്ളിയോടങ്ങൾ ക്ഷേത്രകടവിൽ നിന്ന് ആരംഭിച്ച് താഴെ സത്രപവലിയനു മുമ്പിൽ ചവിട്ടിച്ചിരിച്ച് പരപ്പുഴ കടവിലേക്ക് ജലഘോഷയാത്രയായി നീങ്ങും.
ജവാൻ കടവിൽ നിന്ന് ആരംഭിക്കുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്രയിൽ വഞ്ചിപ്പാട്ടും മുത്തുക്കുടകളുമായി നാല് പള്ളിയോടങ്ങൾ വീതം പവലിയന് മുമ്പിലൂടെ നീങ്ങും. പിന്നിലായി കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ചല ദൃശ്യങ്ങൾ കടന്നുപോകും. ഹെലികോപ്ടർ പ്രകടനവും ഉണ്ടാവും. ഉച്ചകഴിഞ്ഞ് മൂന്നിന് മത്സര വള്ളംകളി തുടങ്ങും. എ ബാച്ചിലെ 35 പള്ളിയോടങ്ങളും ബി ബാച്ചിലെ 16 പള്ളിയോടങ്ങളും പങ്കെടുക്കും. ഓരോ പള്ളിയോടവും ഫിനിഷിംഗ് പോയിന്റിൽ എത്തുന്ന സമയം ഡിജിറ്റലായി രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. എ, ബി ബാച്ചിൽപ്പെട്ട ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും നല്ല രീതിയിൽ പാടിക്കളിച്ചു തുഴയുന്നവർക്ക് എസ്.എൻ.ഡി.പി യോഗം ഏർപ്പെടുത്തിയ ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |