SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

കോന്നിയുടെ കരിമ്പുലി ഇനി കേരളത്തിന്റെ "ബഗീര" ഔദ്യോഗിക പ്രഖ്യാപനം ഉടൻ

photo
കോന്നിയിൽ നിന്നും പിടികൂടിയ കരിമ്പുലി

പത്തനംതിട്ട : കോന്നിയിൽ കൂട്ടിൽ അകപ്പെട്ട കോന്നി കരിമ്പുലിക്ക് ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ജംഗിൾ ബുക്കിലെ "ബഗീര" യുടെ പേര് നൽകാൻ തത്വത്തിൽ തീരുമാനം. അടുത്തിടെ അർബുദബാധയെ തുടർന്ന് ദയാവധത്തിന് വിധേയനാക്കിയ " നന്ദു " എന്ന ആൺകടുവയുടെ പേര് കരിമ്പുലിക്ക് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഭൂരിപക്ഷം ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ബഗീര എന്ന പേരിനെയാണ് പിൻതുണച്ചിരിക്കുന്നത്. എന്നാൽ വനം വകുപ്പ് മന്ത്രിയുടെയും സർക്കാരിന്റെയും നിർദ്ദേശം കൂടി അറിഞ്ഞ ശേഷമായിരിക്കും ഔദ്യോഗിക നാമകരണം നടക്കുക. തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് ഇപ്പോൾ കരിമ്പുലി. കോന്നിയിലെ ജനങ്ങളെ ഭീതിയിലാക്കിയ പെൺ കരിമ്പുലി ഈ മാസം ഒൻപതിനാണ് കുളത്തുമണ്ണിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടത്. കോന്നിയിലെ ഉൾവനത്തിൽ തുറന്നുവിടാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും കേരളത്തിൽ നിന്ന് ലഭിച്ച ആദ്യ കരിമ്പുലിയെന്ന അപൂർവതയും പ്രജനന സാദ്ധ്യതയും പരിഗണിച്ച് തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുകയായിരുന്നു. സമ്പൂർണ ആരോഗ്യ പരിശോധനകൾക്കും നിരീക്ഷങ്ങൾക്കും ശേഷം സന്ദർശകർക്കായി ഉ‌ടൻ തന്നെ പാർക്കിൽ തുറന്നുവിടും.

അതീവ സംരക്ഷിത വന്യജീവി

കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന കരിമ്പുലി അതീവ സംരക്ഷിത വന്യ ജീവികളുടെ പട്ടികയിലാണുള്ളത്. വേട്ടയാടലും വനനശീകരണവുമാണ് വംശനാശത്തിന് കാരണം. വന്യസാഹചര്യങ്ങളിൽ ഇവ 12മുതൽ 15വർഷം വരെ ജീവിക്കും. മൃഗശാലകളിൽ ഇവയുടെ ആയുസ് 20 വർഷം വരെ നീളാറുണ്ട്. ഒരുതവണ രണ്ട് മുതൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകും.

"ബഗീര" പേരിന് പിന്നിൽ

ജനപ്രിയ കാർട്ടൂണായ ജംഗിൾ ബുക്കിലെ പ്രധാന കഥാപാത്രമാണ് "ബഗീര" എന്ന കറുത്ത പുള്ളിപ്പുലി. കേന്ദ്ര കഥാപാത്രവും മനുഷ്യക്കുട്ടിയുമായി മൗഗ്ളിയുടെ സംരക്ഷകനും വഴികാട്ടിയും അടുത്ത കൂട്ടുകാരനുമാണിത്. ഹിന്ദിയിൽ ബഗീര എന്നാൽ പുള്ളിപ്പുലി (ബ്ളാക്ക് പാന്തർ) എന്നാണ് അർത്ഥം.

...........................

കൂട്ടിൽ അകപ്പെട്ടപ്പോഴുണ്ടായ പരിക്കുകളെ തുടർന്ന് പാർക്കിലെ വെറ്ററിനറി കേന്ദ്രത്തിലെ പ്രത്യേക കൂട്ടിൽ ചികിത്സയിലാണ്. ഒന്നര വയസുകാരി കരിമ്പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല.

(വനം വകുപ്പ് അധികൃതർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL