SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

മരണത്തിലും തണലായി സോനു ; ആറുപേർക്ക് ജീവന്റെ തുടിപ്പേകും

ktm-medical-college
മസ്തിഷ്കമരണം സംഭവിച്ച സോനു തോമസിന്റെ വൃക്ക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

തിരുവല്ല: മരണത്തിലേക്ക് മടങ്ങിയെങ്കിലും സോനുവിന്റെ ജീവനിൽ നിന്ന് ആറുപേർക്ക് ഇനി പുതുജീവിതം. മസ്തിഷ്ക മരണം സംഭവിച്ച ചെങ്ങന്നൂർ പുലിയൂർ കുറ്റിമല കിഴക്കേതിൽ സോനു തോമസ് (32)ന്റെ അവയവദാനത്തിന് സന്നദ്ധത അറിയിച്ച ബന്ധുക്കളുടെ തീരുമാനം ആറുപേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമാകുകയാണ്. പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയ്ക്കിടയിലും സോനുവിന്റെ വൃക്കകൾ, ഹൃദയ വാൽവുകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനംചെയ്തത്. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റൊരു രോഗിക്കുമാണ് വൃക്കകൾ നൽകുന്നത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കാണ് ഹൃദയ വാൽവുകൾ കൈമാറുന്നത്. നേത്രപടലങ്ങൾ നൽകുന്നത് ചൈതന്യ ഐ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രണ്ട് പേർക്കാണ്. ഇന്നലെ പുലർച്ചെ ആറോടെ പുഷ്പഗിരി ആശുപത്രിയിൽ അവയവങ്ങൾ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചു. അവയവങ്ങൾ സ്വീകരിക്കേണ്ട ആശുപത്രികളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘവും എത്തിയിരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഏകോപനത്തോടെയാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. പുറത്തെടുത്ത അവയവങ്ങൾ പ്രത്യേകസുരക്ഷാ സംവിധാനങ്ങളുള്ള പെട്ടികളിലാക്കി ഉച്ചയോടെ പൊലീസ് അകമ്പടിയിൽ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

അപകടം തട്ടിയെടുത്തത് ജീവിതം


കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനാണ് സോനു അപകടത്തിൽപ്പെട്ടത്. നടന്നുപോകുമ്പോൾ പേരിശ്ശേരിയിൽവച്ച് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടൻ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് അബോധാവസ്ഥയിലായ സോനുവിനെ പിന്നീട് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ തിരിച്ചുപിടിക്കാനായില്ല. വ്യാഴാഴ്ചയോടെ സോനുവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബത്തിന് മുന്നിൽ തീരാവേദനയുടെ നിമിഷങ്ങളായിരുന്നു. എന്നാൽ പ്രിയപ്പെട്ടവന്റെ മരണത്തിനപ്പുറം മറ്റുള്ളവരുടെ ജീവിതംകൂടി കാണാൻ ബന്ധുക്കൾക്ക് കഴിഞ്ഞു. സോനുവിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത അവർ ആശുപത്രി അധികൃതരെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അവയവദാന ഏജൻസിയായ കെ - സോട്ടോയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. സോനു പകർന്ന ജീവൻ ഇനി ആറുപേരുടെ ജീവിതത്തിൽ ഓർമ്മയായി തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL