SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

തിരുവാഭരണ പാത: ഒഴിപ്പിക്കൽ നീളുന്നു കൈയേറ്റം കഠിനമയ്യപ്പാ !

thirubhavarnam
തിരുവാഭരണം

പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയുടെ കൈയേറ്റം ഒഴിപ്പിക്കൽ നടപടി നീളുന്നു. 16വർഷം മുൻപ് കൈയേറ്റം അളന്നു തിട്ടപ്പെടുത്തിയെങ്കിലും 10ശതമാനം മാത്രമാണ് ഒഴുപ്പിച്ചത്. കൈയേറ്റം ഒഴിപ്പിക്കണമെന്ന ഭക്തജന സംഘടനകൾ അധികൃതർക്ക് നിരന്തരം നിവേദനം നൽകുന്നുണ്ടെങ്കിലും ഈ വർഷവും നടപടിക്ക് സാദ്ധ്യതയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് 'തിരുവാഭരണ പാത സംരക്ഷണ സമിതി' കഴിഞ്ഞ ദിവസവും പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിവേദനം നൽകി. പാത പൂർണമായി വീണ്ടെടുക്കണമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നുമാണ് ഭക്തരുടെയും സംഘടനകളുടെയും ആവശ്യം. ഇതിനോടൊപ്പം വിശ്രമ കേന്ദ്ര നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളും കൈയേറ്റ വിമുക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. അരയേക്കർ മുതൽ ഒരേക്കർ വരെ വിസ്‌തൃതിയുള്ള ഇടങ്ങളാണ് വിശ്രമ കേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്. പല സ്ഥലങ്ങളിലും പാത വീണ്ടെടുക്കാനുള്ള അളവു പോലും നടന്നിട്ടില്ല.

നൂറ്റാണ്ടുകളുടെ പഴക്കം


പന്തളം രാജാവിന്റെ കാലത്ത് ശബരിമലയിലേക്ക് തിരുവാഭരണങ്ങൾ കൊണ്ടുപോകാൻ ഉണ്ടാക്കിയ പരമ്പരാഗത പാതയാണിത്. ഇതിനെ രാജപാതയെന്നും പന്തളം തറ എന്നും അറിയപ്പെട്ടിരുന്നു. പാതയിലെ കൈയേറ്റം കാരണം വർഷങ്ങൾക്ക് മുമ്പ് തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിൽ നിന്ന് മാറി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2009ൽ സർവേ നടത്തി അതിരുകൾ നിശ്ചയിക്കുകയും ചില ഭാഗങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. മകരവിളക്ക് ദിവസങ്ങളിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്ന് മൂന്ന് പെട്ടികളിലായാണ് ഈ പാതയിലൂടെ കാൽനടയായി കൊണ്ടുപോകുന്നത്.

# നീളം 83 കിലോമീറ്റർ

# വീതി എട്ട് മുതൽ 40 മീറ്റർ വരെ

# 11 വില്ലേജുകളിൽ 485 കൈയേറ്റങ്ങൾ

പാത: പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രത്തിൽ നിന്ന് തുടങ്ങി കിടങ്ങന്നൂർ, ആറന്മുള, അയിരൂർ, വടശേരിക്കര, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ വഴി ശബരിമല സന്നിധാനം വരെ

..........................................................................

പല സ്ഥലങ്ങളിലും വീതിയിൽ വ്യത്യാസമുണ്ട്. ഇത് കൈയേറ്റങ്ങൾ കൊണ്ട് സംഭവിച്ചതാണ്. പാത വീണ്ടെടുക്കാൻ അടിയന്തര നടപടി വേണം.

അനിൽകുമാർ, തിരുവാഭരണ

(പാത സംരക്ഷണ സമിതി

ജനറൽ സെക്രട്ടറി)

...............................................

ഒഴിപ്പിച്ചത് 10 %

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL