കോന്നി: ആനത്താവളത്തിലെ മീന ആനയ്ക്ക് ഗജസുന്ദരി പട്ടം കിട്ടുമോ എന്നാണ് ആന പ്രേമികൾ ചോദിക്കുന്നത്. അപൂർവം ആനകൾക്ക് വെളുത്ത വാല് ഉള്ളൂ. വെളുത്ത വാലുള്ള കൊമ്പൻ ആനകളെ പൂവാലൻ എന്നും പിടിയാനകളെ പൂവാലി എന്നുമാണ് പാപ്പാന്മാർ വിളിക്കുന്നത്. നടൻ ബാബു നമ്പൂതിരിയുടെ കൊമ്പൻ ആനയ്ക്ക് മാത്രമായിരുന്നു മുൻപ് വെളുത്ത വാൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ വെളുത്ത വാലുള്ള അപൂർവം പിടിയാനകളിൽ ഒന്നാണ് മീന. ആനകളുടെ വെളുത്ത വാലുകൾ സൗന്ദര്യത്തിന്റെ ലക്ഷണമാണെന്ന് പാപ്പാന്മാർ പറയുന്നു.1991ഫെബ്രുവരി അഞ്ചിനാണ് മീനയെ കോന്നി ക്യാമ്പിലേക്ക് കിട്ടുന്നത്. കോന്നി വനത്തിലെ മണ്ണാറപ്പാറ റെയ്‌ഞ്ചിലെ പഴയകുഴിയിൽ വീണ നിലയിലായിരുന്നു ആനക്കുട്ടി. രണ്ട് വയസായിരുന്നു പ്രായം. ആനപ്പാപ്പാൻമാരിൽ പ്രധാനിയായിരുന്ന ജനാർദനൻ നായരാണ് ആനക്കുട്ടിയെ കരയ്ക്കെത്തിച്ച് കോന്നി താവളത്തിൽ കൊണ്ടുവന്നത്. ഒരു സംഘം യുവാക്കളും സഹായത്തിനുണ്ടായിരുന്നു. പരിക്കേൽക്കുന്ന ആനകളെ ചികിത്സയ്ക്കായി ക്യാമ്പിൽ കൊണ്ടുവരാം എന്നതായിരുന്നു അന്നത്തെ വ്യവസ്ഥ. കുപ്പിപ്പാൽ നൽകിയാണ് പാപ്പാൻമാർ തുടക്കത്തിൽ ഇതിനെ പരിചരിച്ചിരുന്നത്. പിന്നീട് പഞ്ഞപ്പുല്ല്, റാഗി എന്നിവ നൽകിയും ചോറും ശർക്കരയും ഫലവർഗങ്ങളും നൽകി.
ആന സവാരിക്ക് ഏറെ ഇണക്കം
കോന്നി ക്യാമ്പിലെ നാല് ആനകളിൽ ആന സവാരിക്ക് ഏറ്റവും ഇണങ്ങിയതും മീനയാണ്. ഇക്കോടൂറിസം വന്നതോടെ ആനസവാരി ഇവിടുത്തെ പ്രധാന ആകർഷണമായിരുന്നു. തുടക്കത്തിൽ പതിനഞ്ചോളം സവാരികൾ മീന നടത്തുമായിരുന്നു. പിന്നീട് നിയന്ത്രണം ഉണ്ടായി. രാവിലെയും വൈകിട്ടുമാക്കി ആനസവാരി ചുരുക്കി. കൊവിഡ് കാലത്ത് നിറുത്തലാക്കിയ ആനസവാരി പിന്നീട് ആരംഭിച്ചിട്ടില്ല.
............................................................................
ഇക്കോടൂറിസം കേന്ദ്രത്തിന്റെ മുതൽക്കൂട്ടാണ് മീന. ഷംസുദ്ദീൻ, ഷാജി എന്നീ പാപ്പാന്മാർ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. 13 ആനകൾ വരെ ഉണ്ടായിരുന്ന കോന്നി താവളത്തിൽ ഇപ്പോൾ 3 ആനകളെ ഉള്ളൂ. പ്രിയദർശിനി, ഈവ എന്നിവയാണ് മറ്റ് ആനകൾ. കുട്ടിയാനയെ കിട്ടുമ്പോൾ തന്നെ വാൽ വെളുത്തതായിരുന്നു.
ഷാജി
(പാപ്പാൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |