SignIn
Kerala Kaumudi Online
Thursday, 17 September 2026 9.26 AM IST

സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട് : കുറ്റക്കാരൻ മുൻസെക്രട്ടറിയെന്ന് പ്രസിഡന്റ്

b

പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ മുൻ സെക്രട്ടറി കെ.യു. ജോസ് മാത്രമാണ് നിലവിൽ കുറ്റക്കാരനെന്ന് ബാങ്ക് പ്രസിഡന്റ് ടി.എ. നവാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടർ ബോർഡ് ജോസിനെതിരെ നടപടികൾ സ്വീകരിച്ചത്. നിലവിൽ സഹകരണ നിയമം 65 -ാംചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. ഏത് അന്വേഷണത്തെയും നേരിടാൻ ബാങ്ക് ഭരണസമിതി തയാറാണ്. കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും സംരക്ഷിക്കേണ്ട ആവശ്യകത ഭരണസമിതിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
2013 - 19 കാലയളവിലാണ് ബാങ്കിൽ ഇത്രയധികം തുകയ്ക്കുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്. ഇക്കാലയളവിൽ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ഇൗ തുക തിരിച്ചടച്ചതായി വ്യാജരേഖ ചമച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ സെക്രട്ടറിയായിരുന്ന കെ.എൻ. സുഭാഷിന്റെ പേരിലുണ്ടായിരുന്ന ബാദ്ധ്യത തിരിച്ചടച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയില്ല. കെ.യു. ജോസിനെതിരെ ക്രിമിനൽ നടപടിക്ക് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഭരണസമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
താൻ നടത്തിയിട്ടുള്ള തിരിമറികൾ മറ്റുള്ളവരുടെമേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കെ.യു. ജോസ് നടത്തുന്നത്. ഇദ്ദേഹത്തെ മറയാക്കി കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയാണ്. ജോസിന്റെ നിർദ്ദേശ പ്രകാരമാണ് കോൺഗ്രസ് ബാങ്കിനെതിരെ സമരം നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 20 കോടി രൂപ നിക്ഷേപവും 23 കോടി രൂപ വായ്പാ ബാക്കിനില്പും 10 കോടി രൂപയുടെ ആസ്തിയും ബാങ്കിനുണ്ട്. നിലവിൽ 2.16 കോടി രൂപയുടെ നഷ്ടമാണ് ഓഡിറ്റിംഗിൽ കാണിച്ചിട്ടുള്ളത്. എം.എൽ.എയ്ക്കും സി.പി.എം നേതൃത്വത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് നടപടിയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് മുൻ സെക്രട്ടറി നടത്തുന്നത്. അദ്ദേഹത്തിനെതിരെ പാർട്ടിതലത്തിൽ നേരത്തെ തന്നെ നടപടിയെടുത്തിരുന്നു.

സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. മോഹനൻ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. പ്രമോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL