SignIn
Kerala Kaumudi Online
Friday, 18 September 2026 4.43 PM IST

കർഷകർക്ക് ഭീഷണി​, കലി​പ്പോടെ കാട്ടാനക്കൂട്ടം

kattana-
കാട്ടാന നശിപ്പിച്ച കുരുമ്പൻ മൂഴി - മണക്കയം പുതിയിടത്ത് ഇമ്മാനുവൽ ജോസഫിന്റെ കൃഷിയിടം.

റാന്നി : കിഴക്കൻ മലയോര മേഖലയിൽ കാട്ടാനകൾ കർഷക കുടുംബങ്ങൾക്ക് ഭീഷണിയാകുന്നു. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വാഴയും തെങ്ങും കപ്പയും മറ്റു കൃഷി വകകളും നശിപ്പിക്കുകയാണ്.ശബരിമല വനാന്തരങ്ങളിൽ നിന്ന് പെരുന്തേനരുവി കാട്ടി​ലൂടെ വരുന്ന കാട്ടാനക്കൂട്ടം ദിവസങ്ങളായി കൃഷി​ഭൂമിയിൽ നാശം വിതക്കുകയാണ്. കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒറ്റതിരിഞ്ഞെത്തിയ ആന കുരുമ്പൻമൂഴി മണക്കയത്ത് ഇന്നലെ രാത്രിയിലും വൻതോതിൽ കൃഷി നശിപ്പിച്ചു. മണക്കയം പുതിയടത്ത് ഇമ്മാനുവൽ ജോസഫ് (പാപ്പച്ചൻ), അക്കരകടുപ്പിൽ ചാക്കോച്ചൻ എന്നിവരുടെ തെങ്ങുകൾ,പത്തിലേറെ കമുകുകൾ, നാൽപതോളം വാഴകൾ, നിരവധി റബർ മരങ്ങൾ എന്നിവ നശിപ്പിച്ചു. ഇതിൽ ഇമ്മാനുവൽ ജോസഫിനാണ് ഏറെയും നാശനഷ്ടം നേരിട്ടത്. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഈ കർഷകൻ ചികിത്സാർത്ഥം സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിനോടു ചേർന്ന പുരയിടമാകെ കാട്ടാനകൾ തകർത്ത നിലയിലാണ്.

തിങ്കളാഴ്ച വൈകി​ട്ട് ജനവാസ മേഖലയിൽ കാട്ടാനയെ കണ്ട നാട്ടുകാർ റാന്നി - കരികുളം ഡെപ്യൂട്ടി റേഞ്ചിലെ വനപാലകരെ വിവരം അറിയിച്ചെങ്കിലും കണമല റേഞ്ച് അതിർത്തിയായതിനാൽ അവർക്ക് വിവരം കൈമാറുകയായിരുന്നു. നാട്ടുകാരെ വിളിച്ച് വിവരം തിരക്കിയ ശേഷം കണമലയിൽ നിന്ന് എത്തിയ വനപാലക സംഘം രണ്ടു പടക്കങ്ങൾ പൊട്ടിച്ച ശേഷം മടങ്ങിയതായി നാട്ടുകാർ പറഞ്ഞു. അതിനു ശേഷമാണ് രാത്രിയോടെ വൻതോതിൽ നാശനഷ്ടമുണ്ടാക്കിയത്. ഇന്നലെ പകലും കാട്ടാന ജനവാസ മേഖലയ്ക്ക് സമീപം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മണക്കയം വള്ളംകുളം സുര, കുരുമ്പൻ മൂഴി ഈട്ടിക്കൽ ജോൺസൺ ജോസഫ് , ഈരം പ്ലാക്കൽ ജോസ് , കക്കാട്ടുകുഴിയിൽ ലാൽ , ഈട്ടിക്കൽ മാത്യൂ , അന്ത്യാംകുളം കിഷോർ, അന്ത്യാംകുളം പ്രിൻസ് എന്നിവരുൾപ്പെടെ നിരവധി കർഷകരുടെ പുരയിടത്തിലെ വിവിധ കൃഷികൾ നശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL