SignIn
Kerala Kaumudi Online
Thursday, 20 August 2026 4.25 PM IST

മൂരിക്കിടാവിനെ കെട്ടിയിട്ടയിടത്ത് നിന്നും വലിച്ചുകൊണ്ടുപോയി തിന്നു, സ്ഥലത്തെ ക്യാമറയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച

camera-trap
പ്രതീകാത്മക ചിത്രം

കോന്നി: വനം ഡിവിഷനു കീഴിലുള്ള വനമേഖലയോട് ചേർന്ന തവളപ്പാറയിലെ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം വർദ്ധിക്കുന്നു. പ്രദേശത്ത് കാട്ടാനകളുടെയും പുലികളുടെയും കടുവകളുടെയും സാന്നിദ്ധ്യവും ആക്രമണങ്ങളും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

നാലു ദിവസങ്ങൾക്കു മുൻപ് താവളപ്പാറ കാർമല എസ്റ്റേറ്റിലെ ജോലിക്കാരനായ ലാലിച്ചന്റെ മൂരിക്കിടാവിനെ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. മൂരിക്കിടാവിനെ കെട്ടിയിടത്തു നിന്നും അരക്കിലോമീറ്റർ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം മാംസം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി ക്യാമറകൾ സ്ഥാപിച്ചിരുന്നു. മൂരിക്കിടാവിന്റെ ജഡത്തിന് അരികിൽ വന്ന് മാംസം ഭക്ഷിക്കുന്ന പുലിയുടെയും ചെന്നായയുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് വനം വകുപ്പ് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്ത് പുലി അല്ലെങ്കിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാങ്ങളെയും മൂരിക്കിടാങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രദേശവാസികളായ ക്ഷീരകർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വനമേഖലയോട് ചേർന്നു കിടക്കുന്നതിനാൽ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്.

അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ

വന്യമൃഗ ഭീതിയുള്ള തവളപ്പാറ പ്രദേശത്ത് രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ പോലും പ്രകാശിക്കാത്തത് ജനങ്ങളുടെ സുരക്ഷയെ കൂടുതൽ അപകടത്തിലാക്കുന്നു. പ്രദേശത്തെ ജനവാസ മേഖലയിലെ വളർത്തുമൃഗങ്ങളെ പലതവണ പുലി പിടിച്ചു കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വനമേഖലയോട് ചേർന്നുള്ള അതിർത്തികളിൽ സോളാർ വേലികളും കിടങ്ങുകളും സ്ഥാപിച്ച് വന്യമൃഗങ്ങളെ തടയാൻ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. തവളപ്പാറയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സംരക്ഷണം നൽകാൻ വനംവകുപ്പും പഞ്ചായത്ത് അധികൃതരും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

........................................................

പ്രദേശത്തെ വന്യമൃഗശല്യം രൂക്ഷമാവുകയാണ് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

ജയകുമാർ

(ഗ്രാമപഞ്ചായത്ത് അംഗം)

English Summary

Wildlife disturbances are increasing in the Thavalappara residential area located near the forest region under the Forest Division. The presence and attacks of wild elephants, leopards and tigers have been reported frequently in the area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, WILDANIMAL, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL