SignIn
Kerala Kaumudi Online
Saturday, 24 October 2026 6.50 PM IST

വേണം, ജലരേഖയാകാത്ത പരിഹാരം

തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നാളെ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിച്ച് വീഴ്ച ആവർത്തിക്കാതിരിക്കാൻ പൊതുമാനദണ്ഡം തയാറാക്കുകയാണ് ലക്ഷ്യം.താത്കാലിക മാർഗനിർദ്ദേശങ്ങൾ ജലരേഖയാകുമെന്നിരിക്കെ ശാശ്വതമായ പരിഹാരങ്ങളാണ് ഇനിയാവശ്യം.

വിദഗ്ദ്ധർ മുന്നോട്ടുവയ്ക്കുന്ന ചില നിർദ്ദശങ്ങൾ:

1.കൺട്രോൾ സ്റ്റേഷൻ വേണം

ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി അരുവിക്കരയിൽ സ്ഥാപിച്ച 75 എം.എൽ.ഡി പ്ലാന്റിന്റെ പ്രവർത്തനം വെള്ളയമ്പലത്തെ ഒബ്സർവേറ്ററിയിലെ കൺട്രോൾ സ്റ്റേഷനിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടായിരുന്നു. ഈ സാങ്കേതികവിദ്യ കാലഹരണപ്പെട്ടു.നിർമ്മിതബുദ്ധിയടക്കം പ്രയോജനപ്പെടുത്തി കൺട്രോൾ റൂമുകൾ കാര്യക്ഷമമാക്കണം.

2.സി.എം.ജിയെ ഉണർത്തണം

വർഷങ്ങൾക്ക് മുൻപുണ്ടായ കുമ്മി പൈപ്പ് പൊട്ടലിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് സീനിയർ എൻജിനിയറായ ദൈവമണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിഷൻ സുപ്രധാന നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. എല്ലാ ഡിവിഷനുകളിലെയും എക്സിക്യുട്ടിവ് എൻജിനിയർമാർ അംഗങ്ങളും ചീഫ് എൻജിനിയർ ചെയർമാനുമായ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ്(സി.എം.ജി) രൂപീകരിച്ചെങ്കിലും നിലവിൽ പ്രവർത്തനം കാര്യക്ഷമമല്ല. എല്ലാ ട്രാൻസ്മിഷൻ ലൈനുകളും സി.എം.ജിയുടെ കീഴിൽ കൊണ്ടുവരണം.

3.വേണം സ്പെഷ്യൽ സർവെയ്ലൻസ്

ദൈവമണി കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ട്രാൻസ്‌മിഷൻ ലൈനുകൾ പരിശോധിക്കാൻ പേരൂർക്കട ആസ്ഥാനമായി ആരംഭിച്ച സ്‌പെഷ്യൽ സർവെയ്ലൻസ് യൂണിറ്റ്(എസ്.എസ്.യു) ശക്തിപ്പെടുത്തണം. നിലവിൽ അരുവിക്കര മുതൽ പേരൂർക്കട വരെയുള്ള ലൈൻ മാത്രമേ എസ്.എസ്.യുവിന്റെ കീഴിലുള്ളൂ. എ.ഇ മാത്രമാണ് എസ്.എസ്.യുവിൽ അംഗം.കൂടുതൽ സ്റ്റാഫുകളെ നിയമിക്കണം.നഗരത്തിലെ മുഴുവൻ ട്രാൻസ്മിഷൻ ലൈനുകളും എസ്.എസ്.യുവിന്റെ കീഴിൽ കൊണ്ടുവരണം.പമ്പുകൾ,ജനറേറ്ററുകൾ,വാഹനമടക്കമുള്ള സൗകര്യളൊരുക്കി എസ്.എസ്.യു ശക്തിപ്പെടുത്തണം.

4.വാൽവുകൾ ശ്രദ്ധിക്കണം

വാൽവുകൾ എവിടെയൊക്കെയുണ്ട്,തുറക്കാനും അടയ്ക്കാനും പറ്റുന്ന അവസ്ഥയിലാണോ എന്ന കാര്യങ്ങൾ ഉറപ്പാക്കണം. സി.പി.എച്ച്.ഇ.ഇ.ഒ മാനുവൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.


5.ഏകോപനം മുഖ്യം

നിലവിൽ അരുവിക്കര,പേരൂർക്കട,പി.ടി.പി നഗർ എന്നിവടങ്ങളിലെ പ്ലാന്റുകൾ വ്യത്യസ്ത ഇ.ഇമാരുടെ കീഴിലാണ്. പ്രധാന പൈപ്പ്‌ലൈൻ പോലും പല ഉദ്യോഗസ്ഥർ നോക്കുന്നത് ഏകോപനത്തിന് വെല്ലുവിളിയാകുന്നു. പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് വാട്ടർഅതോറിട്ടി,കെ.എസ്.ഇ.ബി വിഭാഗങ്ങൾ തമ്മിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തണം.

6.ഇന്റർകണക്ഷൻ വേണം

ഒരു സോണിൽ ജലക്ഷാമം വന്നാൽ മറ്റൊരു സോണിൽ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി തയാറാക്കണം.പ്രധാന പൈപ്പ്‌ലൈനുകൾ തമ്മിൽ ഇന്റർകണക്ഷനുകൾ വേണം. ഒരു ലൈനിൽ പ്രശ്നം വന്നാലും മറ്റേ ലൈനിലൂടെ വെള്ളമെത്തിക്കാനാവും.

7.മോക്ക്ഡ്രില്ലുകൾ

അടിയന്തരഘട്ടങ്ങളിൽ ജനങ്ങളെ സജ്ജമാക്കുന്നതിന് മോക്ക്ഡ്രില്ലുകൾ നടത്തണം. ജലക്ഷാമം വന്നാൽ തുറക്കേണ്ടതും അടയ്ക്കേണ്ടതുമായ വാൽവുകൾ ഏതെന്നുറപ്പിക്കണം. പരമാവധി ടാങ്കറുകൾ സജ്ജമാക്കണം. ബദൽ സംവിധാനമായി പൊലീസിന്റെ ജലപീരങ്കികൾ,ഫയർഫോഴ്സ്,മിലിറ്ററി ടാങ്കറുകൾ എന്നിവയും ഉപയോഗിക്കാനാകണം. നഗരത്തിനുള്ളിൽ വൃത്തിയാക്കിയ കുളങ്ങളിലെ വെള്ളം അടിയന്തരഘട്ടത്തിൽ ഉപയോഗിക്കണം. മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളം കുടിക്കാനൊഴിച്ചുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL