വെള്ളറട: മലയോര മേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവുകച്ചവടം വ്യാപകമാകുന്നു. സന്ധ്യമയങ്ങിയാൽ പ്രധാന കവലകളിലും കഞ്ചാവ് പൊതി സുലഭമായി ലഭിക്കും.
തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് പ്രദേശങ്ങളിലാണ് കഞ്ചാവു ലഭിക്കുന്നത്.
അതിർത്തി വഴി പരിശോധനയില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരും കച്ചവടത്തിനെത്തുന്നുണ്ട്. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ട്.
സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളാണ് രഹസ്യമായി പൊതി രൂപത്തിലാക്കിയ കഞ്ചാവെത്തിക്കുന്നത്. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു.
അടുത്തിടെയാണ് കേരള തമിഴിനാട് അതിർത്തിക്കു സമീപം ആറാട്ടുകുഴിയിൽ വാഹന പരിശോധനക്കിടെ കാറിൽ കടത്തികൊണ്ടുവന്ന 47 കിലോ കഞ്ചാവും അഞ്ചുപേരെയും വെള്ളറട പൊലീസ് പിടികൂടിയത്. അതിർത്തി റോഡുകൾ വഴി വ്യാപകമായി ലഹരി വസ്തുക്കൾ കടത്തികൊണ്ടുവരുന്നതായി ശ്രദ്ധയിൽപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു വാഹന പരിശോധന.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ പ്രതിയെ ഒഡിഷയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് പിടികൂടിയിരുന്നു. വനത്തിൽ കഞ്ചാവ് കൃഷിചെയ്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിൽപ്പനയ്ക്ക് എത്തിക്കുന്ന സംഘത്തിലെ തലവൻ കല്ലറ തണ്ണിയം കുഴിവിള വീട്ടിൽ അസീസ് എന്നു വിളിക്കുന്ന ജാഫർ (36)നെയാണ് അറസ്റ്റുചെയ്തത്.
വാഹനങ്ങളുടെ മരണപാച്ചിലും
കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപാച്ചിൽ പേടിച്ച് റോഡിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ആത്മഹത്യാപ്രവണതയും
അടുത്തകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യാപ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
കഞ്ചാവ് വില്പന നിയന്ത്രിക്കാൻ അതിർത്തിയിൽ കർശനമായ വാഹന പരിശോധന നടപ്പിലാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |