പള്ളിക്കൽ: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകൾ നോക്കുകുത്തികളാവുന്നു. പൊലീസ് സ്റ്റേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനകീയ കമ്മിറ്റിയും സംയുക്തമായി മുൻകൈയെടുത്ത് സ്ഥാപിച്ച ഒരു ഡസനിലേറെ ക്യാമറകളാണ് പ്രവർത്തിക്കാതെ നോക്കുകുത്തികളായിരിക്കുന്നത്. നൂറോളം ക്യാമറകൾ സ്ഥാപിക്കാനായിരുന്നു തുടക്കത്തിലെ പദ്ധതിയെങ്കിലും സാമ്പത്തിക പരിമിതിമൂലം ഒരു ഡസനിലേക്ക് ഒതുക്കുകയായിരുന്നു. 2018 ജനുവരി 25ന് അശോക് കുമാർ ഐ.പി.എസ് ആണ് ക്യാമറകളുടെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്തിൽ ആഘോഷത്തോടെ നിർവഹിച്ചത്. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ക്യാമറകളുടെ പ്രവർത്തനം ഓരോന്നായി നിലച്ചു. ക്യാമറകൾ മിക്കതും പ്രവർത്തന രഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ക്യാമറ നെറ്റ്‌വർക്ക് സിസ്റ്റത്തിന്റെ ഡി.വി.ആർ പൊലീസ് സ്റ്റേഷനുള്ളിലാണ്.
അധികൃതരുടെ അനാസ്ഥ
പ്രധാന കവലയിലെ പൊലീസ് സ്റ്റേഷനടുത്തുള്ള ക്യാമറ പോലുമിന്ന് പ്രവർത്തനരഹിതമാണ്. കേസുകൾ തെളിയിക്കാൻ ഇന്ന് പൊലീസിനെ സഹായിക്കുന്നത് സി.സി.ടിവി ക്യാമറകളാണെന്നിരിക്കെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ അവ നശിക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്നും, ഓരോ വാർഡുകളിലെയും ജനപ്രതിനിധികൾ ക്യാമറകളുടെ അറ്റകുറ്റപ്പണിക്കായി നേതൃത്വം നൽകിയാൽ പള്ളിക്കൽ പ്രദേശത്ത് ക്യാമറകൾ പ്രവർത്തിപ്പിക്കാനാകുമെന്നും നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |