
തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ ചുമടെടുക്കുന്ന മധുച്ചേട്ടനെ ഉച്ചയോടെയാണ് കാണുന്നത്. തലയിൽ കെട്ടിയ തോർത്തിനിടയിലൂടെ ഒഴുകിയ വിയർപ്പ് തുടച്ചുകൊണ്ട് ചേട്ടൻ ഓർത്തെടുത്തു. 'വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം 13ാം വയസിൽ റെയിൽവേയിൽ ചുമടെടുക്കാൻ തുടങ്ങി. 25 പൈസയാണ് കൂലി. അക്കാലത്ത് തമ്പാനൂർ ഉഷാഹോട്ടലിൽ അഞ്ചുപൈസയ്ക്ക് മൂന്ന് അപ്പവും സാമ്പാറും കിട്ടും. പട്ടിണി മാറ്റുന്നതിനപ്പുറം മറ്റ് ലക്ഷ്യങ്ങളില്ലായിരുന്നു. ഇപ്പോൾ പ്രായം 56. മറ്റ് തൊഴിലുകൾ അറിയില്ല. 5000 രൂപ പോലും കിട്ടാത്ത മാസങ്ങളുണ്ട്. ജീവിതം കരയ്ക്കടുപ്പിക്കാൻ കഷ്ടപ്പെടുകയാണ്...' വാക്കുകൾ ഇടറിത്തുടങ്ങിയപ്പോഴേക്കും ബാക്കിയുള്ളവരെത്തി. മാറുന്ന സാഹചര്യങ്ങളോട് പിടിച്ചുനിൽക്കാനാകാതെ സമൂഹത്തിൽ നിന്ന് മാഞ്ഞുതുടങ്ങുന്ന വിഭാഗം... ചുമട്ടുതൊഴിലാളികൾ
ജില്ലയിലെ മാർക്കറ്റുകൾ,ബസ് സ്റ്റാൻഡ്,റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലായി നിലവിൽ 14,000ഓളം തൊഴിലാളികളാണുള്ളത്. ഇതിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിലുള്ള 3000 പേർക്ക് പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ബാക്കിയുള്ളവർക്ക് (അസംഘടിത തൊഴിലാളികൾ) അസിസ്റ്രന്റ് ലേബർ ഓഫിസർ അനുവദിക്കുന്ന 26 എ-എ.എൽ.ഒ കാർഡുണ്ടെങ്കിലെ ജോലി ചെയ്യാനാകൂ.
ജോലിയെവിടെ
പ്രതിദിനം ലഭിക്കുന്ന കൂലി ബോർഡിലടയ്ക്കണം. ഇതിന് ആനുപാതികമായാണ് മാസശമ്പളം. അടയ്ക്കുന്നതിന്റെ 27 ശതമാനം പി.എഫ് ഇനത്തിൽ പിടിക്കും. നിർമ്മാണമേഖലയിൽ പ്രതിസന്ധി വന്നതോടെ ഒരു ചുമടുപോലുമെടുക്കാൻ കിട്ടാത്ത ദിവസങ്ങളുണ്ട്. മുമ്പ് 1000 രൂപ ലഭിച്ചിരുന്ന ലോഡുകൾക്ക് ഇപ്പോൾ 300 രൂപ ലഭിച്ചാലായി. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സാധനങ്ങൾ കുറഞ്ഞതോടെ പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. ഓരോ തൊഴിലാളിക്കും ജോലി ചെയ്യാനാവുന്ന പ്രദേശങ്ങൾ തീരുമാനിക്കുന്ന പൂൾ ബുക്കുണ്ട്. പ്രദേശങ്ങൾ കുറവുള്ളവർക്ക് പണിയും കുറവാണ്.
വേണം നൈപുണ്യം
വൻകിട കമ്പനികളുടെ കോടികൾ വിലയുള്ള സാമഗ്രികളിറക്കാനുള്ള പരിശീലനമില്ലാത്തത് തൊഴിലാളികൾക്ക് വെല്ലുവിളിയാണ്. സാമഗ്രികൾ കേടുവരാതിരിക്കാൻ കമ്പനികൾ യന്ത്രങ്ങളെ ആശ്രയിക്കുമ്പോൾ തൊഴിലാളികൾ നിസഹായരാകുന്നു. സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്,പരിശീലനപദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഫലപ്രദമായില്ല. ഒരായുഷ്കാലം പണിയെടുത്തശേഷം സിമന്റ് ചാക്കുകളുടെ പൊടി ശ്വസിച്ചുള്ള ശ്വാസകോശരോഗങ്ങളും ശരീരവേദനയുമാണ് സമ്പാദ്യം.
ഹീറോയായി അയ്യപ്പൻ
തൊഴിലില്ലാത്ത അവസ്ഥയിലും ശമ്പളവും ബോണസും കൂടുതൽ നേടുന്നവരുമുണ്ട്. കരമനയിൽ ജോലിചെയ്യുന്ന അയ്യപ്പന് ഓണത്തിന് ബോണസായി ലഭിച്ചത് 82,273 രൂപയാണ്. ഏറ്റവും ഉയർന്ന ബോണസ് നൽകിയ തൊഴിലുടമ ലുലുമാളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |