വെള്ളറട: അതിർത്തിയിൽ എക്സൈസ് ചെക്ക്പോസ്റ്റില്ല. കേരള തമിഴ്നാട് അതിർത്തിയായ ആറാട്ടുകുഴി കേന്ദ്രീകരിച്ച് എക്സൈസ് ചെക്ക് പോസ്റ്റും വെള്ളറടയിൽ എക്സൈസ് റേഞ്ച് ഓഫീസും സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണെങ്കിലും അധികൃതർ ഇതൊന്നും പരിഗണിക്കുന്നില്ല.
ദിനവും അതിർത്തിയിലൂടെ നിരവധി ആഡംബര വാഹനങ്ങളിലാണ് കഞ്ചാവും സ്പിരിറ്റും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഒഴുകുന്നത്. തമിഴ്നാട് അതിർത്തിയായ നെട്ടയിൽ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും കടത്ത് സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് കാര്യമായ പരിശോധന കൂടാതെ കേരളത്തിലേക്ക് കടക്കാനാകും. ഇത് തടയണമെങ്കിൽ കേരളത്തിലെ അതിർത്തിയായ കടക്കറയിലോ കത്തിപ്പാറയിലോ ആറാട്ടുകുഴിയിലോ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചാൽ ഒരു പരിധിവരെ പരിഹാരമാകും.
കഞ്ചാവ് പിടിച്ചെടുത്തു
കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവാണ് ഇക്കൊല്ലം ആറാട്ടുകുഴിയിലും പന്നിമലയിലും വച്ച് പൊലീസ് പിടികൂടിയത്. ഏപ്രിലിൽ ആറാട്ടുകുഴിയിൽ വച്ച് ആഡംബര കാറിൽ കൊണ്ടുവന്ന 47 കിലോ കഞ്ചാവും ആറ് പ്രതികളും രണ്ട് വാഹനങ്ങളെയും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം തേടി പൊലീസ് ഒഡീഷയിൽ എത്തി യഥാർത്ഥ പ്രതിയെയും ആഴ്ചകൾക്കുമുമ്പ് പിടികൂടിയിരുന്നു. പിടികൂടിയ 6 പ്രതികളും ഇപ്പോഴും ജയിലിലാണ്. ഇതിനിടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച 137 കിലോ കഞ്ചാവും നാലുപേരും രണ്ട് ആഡംബര വാഹനങ്ങളും പിടികൂടിയത്. ഇത്തരത്തിൽ വല്ലപ്പോഴും മാത്രമാണ് പൊലീസിന് കടത്തുവാഹനങ്ങൾ പിടികൂടാൻ കഴിയുന്നത്.
പരിശോധനകൾ നടക്കാതെ
അമരവിള എക്സൈസ് റേഞ്ചിന്റെ പരിധിയിൽപ്പെട്ട മലയോര പ്രദേശങ്ങളിൽ എക്സൈസിന്റെ കാര്യമായ പരിശോധനകൾ നടക്കുന്നില്ല. കിലോമീറ്ററുകൾ സഞ്ചരിച്ച് വല്ലപ്പോഴും മാത്രമാണ് എക്സൈസിന് അതിർത്തി ഗ്രാമങ്ങളിൽ പരിശോധനയ്ക്കെത്താൻ കഴിയുന്നതുതന്നെ. അടിയന്തരമായി അതിർത്തിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും രാത്രി കാലങ്ങളിൽ വാഹന പരിശോധനകൾ കർശനമാക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാനാകാത്ത അവസ്ഥയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |