SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

ആളെക്കൊല്ലി ഭക്ഷണം വേണ്ട ! വർക്കലയിൽ ഭക്ഷ്യസുരക്ഷാനടപടികൾ ശക്തമാക്കണം

വർക്കല: വർക്കലയിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടൽ ഭക്ഷണ നിലവാരം സംബന്ധിച്ചുള്ള പരാതികളുടെ എണ്ണം പെരുകുന്നു. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെയും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെയും പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടക്കാറുണ്ടെങ്കിലും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധയേറ്റ് 79 പേരാണ് വർക്കലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. മൈതാനം വർക്കലക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ന്യൂ സ്‌പൈസി ഫുഡ്ബേ, എലിഫന്റ് ഈറ്ററി തുടങ്ങിയ ഹോട്ടലുകളിൽ നിന്നും ശനിയാഴ്ച കുഴിമന്തി, അൽഫാം എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടി നഗരസഭ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മാർച്ചിൽ ന്യൂ സ്‌പൈസി ഫുഡ്ബേയിൽ നിന്ന് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്നും ആരോഗ്യവകുപ്പ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. വിഷം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി വേണമെന്ന് പൊതുജനങ്ങളും ഭക്ഷ്യവിഷബാധയേറ്റവരുടെ ബന്ധുക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.

പിഴയടച്ചാൽ തലയൂരാം

ഹോട്ടലുകളുടെ വൃത്തിഹീനമായ സാഹചര്യങ്ങൾ പരിശോധിക്കാനും നടപടിയെടുക്കുന്നതിനുമുള്ള നഗരസഭ ആരോഗ്യവകുപ്പിന്റെ നടപടികൾ പ്രഹസനം മാത്രമെന്നാണ് പരക്കെയുള്ള ആക്ഷേപം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തും മുന്നേ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും സ്വാധീനവും നഗരസഭയ്ക്ക് ഉള്ളിൽത്തന്നെ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്താൽ പിഴയടച്ച് തലയൂരാൻ കഴിയുമെന്നാണ് ഹോട്ടലുടമകളുടെ വിശ്വാസം.

നാവിൽ വെള്ളമൂറുന്നു

ഷവർമ്മ, ഷവായി, അൽഫാം, കുഴിമന്തി എന്നിങ്ങനെ നാവിൽ വെള്ളമൂറുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. മസാലയും കളറുകളും ചേർത്ത് കാഴ്ചയ്ക്ക് അതിമനോഹരമായൊരുക്കി കൊതിപ്പിക്കുന്ന മണവുംനൽകി ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണം ജീവന് തന്നെ ഭീഷണിയാവുന്നു. പഴകിയതാണെന്ന് തോന്നാതിരിക്കാൻ രാസവസ്തുക്കളും ചേർക്കുന്നു. കച്ചവടം വർദ്ധിപ്പിച്ച് ലാഭം കൊയ്യുക എന്നതല്ലാതെ പൊതുജനങ്ങളുടെ ആരോഗ്യത്തിൽ ഇക്കൂട്ടർക്ക് ഉത്തരവാദിത്വമില്ലെന്ന് തെളിയിക്കുന്നതാണ് ആവർത്തിച്ചുണ്ടാകുന്ന ഭക്ഷ്യവിഷബാധകൾ.

അപകടകാരികളാവുന്ന ബാക്ടീരിയകൾ

ഷിഗെല്ല, ഇ-കോളി, സാൽമൊണെല്ല, ലിസ്റ്റീരിയ എന്നിങ്ങനെ പഴകിയ ഭക്ഷണത്തിൽ വളരുന്ന ബാക്ടീരിയകൾ അനവധിയുണ്ട്. ഇവ അപകടകാരികളാണ്. ഒപ്പം വൈറസ് സാന്നിദ്ധ്യവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.

കരുതൽ വേണം

ഛർദ്ദി, മനംപുരട്ടൽ, ശരീരവേദന, തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭക്ഷണംകഴിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലോ ഒരു ദിവസം വരെയോ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്ക് ശേഷമോ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെയും സംഭവിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL