SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

ലഹരിവഴികളാകുന്ന പൊതുനിരത്തുകൾ

news-

വർക്കല: വർദ്ധിച്ചുവരുന്ന ലഹരിഉപയോഗം കാരണം വർക്കലയിലെ പൊതുനിരത്തുകൾ കുറ്റകൃത്യങ്ങളുടെകൂടി ഇടമാകുന്നു. പരസ്യ മദ്യപാനവും അസഭ്യവർഷവും തമ്മിൽത്തല്ലും ഇവിടെ പലഭാഗത്തും കാണാം. വർക്കല ഡിവൈ.എസ്.പി ഓഫീസിനോടു ചേർന്നുള്ള ഭാഗത്തുപോലും ഇത്തരക്കാരെ കാണാൻ കഴിയും.

ടൗണിന്റെ ഹൃദയഭാഗത്ത് മദ്യപിച്ച് ലക്കുകെട്ട് നിലത്ത് കിടക്കുന്നവരെ മറികടന്നുവേണം പലപ്പോഴും കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ. ഇങ്ങനെ കിടക്കുന്നവർക്ക് ചിലപ്പോൾ വസ്ത്രംപോലും കാണാറില്ല. ജനങ്ങൾക്ക് ഉപദ്രവമാകുന്ന ഇത്തരം പ്രവൃത്തികൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനും ആവശ്യമായ നടപടിയില്ലെന്നും ആക്ഷേപം ഉയരുന്നു. പരസ്യ മദ്യപാനവും തമ്മിൽത്തല്ലും പതിവായി പരാതികൾ ലഭിച്ചിട്ടും പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

നടപ്പാതയിൽ മദ്യപാനവും വില്പനയും

വർക്കല മുനിസിപ്പൽ പാർക്കിന്റെ ഒരു ഭാഗം നടപ്പാത കൈയേറി തുകൽ തുന്നുന്നതുൾപ്പെടെയുള്ള ജോലിക്ക് ആളുകളുണ്ട്. ഇക്കൂട്ടരിൽ ചിലർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെയാണ് പരസ്യ മദ്യപാനം. വർക്കല പൊലീസ് സ്റ്റേഷനോടും ഡിവൈ.എസ്.പി ഓഫീസിനോടും ചേർന്ന് പ്രവർത്തിക്കുന്ന ടേക്ക് എ ബ്രെക്ക് കെട്ടിടത്തിന്റെ സൈഡിലും സ്ഥിതി ഇതുതന്നെ. പഴക്കമുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മൃതദേഹങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനും മറ്റും ഇവരിൽ ചിലരുടെ സേവനം പൊലീസ് തേടാറുമുണ്ട്. അതുകൊണ്ടുതന്നെ ചെറിയ തോതിലുള്ള ഇവരുടെ വഴക്കുകളും ഇവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആദ്യകാലത്ത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിച്ചിരുന്നതായി ആരോപണമുണ്ട്. ഇത് ഇപ്പോൾ ഇവരുടെ അവകാശമായി മാറിയിരിക്കുകയാണ്.

സംരക്ഷണമില്ലാതെ മുനിസിപ്പൽ പാർക്ക്

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികൾക്ക് വേദിയാകുന്ന മൈതാനത്തെ മുനിസിപ്പൽ പാർക്ക് വെളിച്ചമില്ലാതെ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറി. ആവശ്യത്തിന് സംരക്ഷണമില്ലാതെ പാർക്ക് തകർച്ചയിലാണ്. പാർക്കിന് ആവശ്യമായ നവീകരണം നടത്തി സംരക്ഷിക്കണമെന്നാണ് പൊതു ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL