SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

വീടുവിട്ടിറങ്ങിയെ പെൺകുട്ടിയെ സുരക്ഷിതയാക്കി മഞ്ജു

manju

തിരുവനന്തപുരം: വീട്ടുകാരോട് പിണങ്ങി ബസിൽ കയറിയ പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് അരികിലെത്തിച്ച വനിതാ കണ്ടക്ടറെ അഭിനന്ദിച്ച് കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിലെ കണ്ടക്ടർ ജി.എൽ.മഞ്ജുവാണ് മാതൃവാത്സല്യത്തോടെ പെൺകുട്ടിക്ക് തണലായത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കിഴക്കേകോട്ടയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ബസിലായിരുന്നു സംഭവം. അടുത്തിരുന്ന സ്ത്രീയിൽ നിന്ന് കടമായി വാങ്ങിയ കാശുമായി വെട്ടുകാടേക്ക് ടിക്കറ്റെടുത്ത 20കാരിയുടെ മുഖം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കണ്ടക്ടർ മഞ്ജു അവൾക്കരികിലെത്തിയത്. വിവരങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്നും അഭയം തേടിയാണ് വെട്ടുകാട് പോകുന്നതെന്നും പെൺകുട്ടി പറഞ്ഞു. ഒറ്റയ്ക്കുള്ള യാത്രയുടെ ദുരന്തങ്ങളും രാത്രി കാലത്തെ ചതിക്കുഴികളും മഞ്ജു പറഞ്ഞുമനസിലാക്കി. കൊച്ചുവേളിയിൽ എത്തിയപ്പോൾ ഡ്രൈവർ ജി. പ്രദീപ് കുമാറിനൊപ്പം കുട്ടിക്കും മഞ്ജു ചായയും ബിസ്‌ക്കറ്റും വാങ്ങി നൽകി. തിരികെ കിഴക്കേകോട്ടയിലേക്ക് ടിക്കറ്റും ബസിൽ സുരക്ഷിതമായ തന്റെ സീറ്റും നൽകി. ഇതിനിടെ ഫോണിലൂടെ പൊലീസ്, കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം, സിറ്റി ഡിപ്പോ എന്നിവിടങ്ങളിൽ വിളിച്ച് മഞ്ജു വിവരമറിയിച്ചു. കിഴക്കേകോട്ടയിലെത്തിയ ഉടൻ കുട്ടിയെ മഞ്ജു സ്റ്റേഷൻ മാസ്റ്റർ സംഗീതയുടെ അരികിലെത്തിച്ചു. ഉടൻ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസെത്തി പെൺകുട്ടിയെയും മഞ്ജുവിനെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടക്ടർ മഞ്ജു പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറി. മഞ്ജുവിന്റെ മാതൃകാപരമായ പ്രവൃത്തിയെ കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ അഭിനന്ദിച്ചു. പ്രതാപചന്ദ്രനാണ് മഞ്ജുവിന്റെ ഭർത്താവ്. ഏക മകൾ പ്ലസ്ടു വിദ്യാർത്ഥി ഭദ്ര. കിള്ളിപ്പാലത്താണ് താമസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL