SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

കരകുളം ഫ്ളൈ ഓവർ നിർമ്മാണം തുടങ്ങി പുരോഗതി വിലയിരുത്തി മന്ത്രി

photo

നെടുമങ്ങാട്: വഴയില-പഴകുറ്റി നാലുവരിപ്പാത വികസനത്തിന്റെ ഭാഗമായി കരകുളത്ത് ഫ്ലൈ ഓവർ നിർമ്മാണം ആരംഭിച്ചു. എക്‌സ്‌കവേറ്ററുകളും റോഡ് റോളറുമടക്കം നിർമ്മാണ സാമഗ്രികളെല്ലാം സജ്ജമാക്കി. ചെറിയാൻ വർക്കി കൺസ്ട്രക്ഷനാണ് കരാർ എടുത്ത് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുന്നത്. ഇതോടനുബന്ധിച്ച് തെന്മല അന്തർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണവും

ഏർപ്പെടുത്തിയിട്ടുണ്ട്.

ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന നിർദേശങ്ങളും പരാതികളും പരിഗണിച്ച് ഗതാഗതക്കുരുക്കും അസൗകര്യങ്ങളും പരിഹരിക്കാൻ 14ന് ഉച്ചയ്ക്ക് 2ന് കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ യോഗം ചേരും.ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും തലസ്ഥാന നഗരത്തിൽ എളുപ്പം എത്തിച്ചേരാൻ കരകുളം പഞ്ചായത്തിലെ ഇടറോഡുകൾ ഗതാഗത യോഗ്യമാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 ഗതാഗതക്കുരുക്കിന് പരിഹാരമാകും

കാച്ചാണി, മുക്കോല ഭാഗങ്ങളിൽ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു അടിയന്തര പരിഹാരത്തിനാണ് ശ്രമം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഫ്ലൈ ഓവർ നിർമ്മാണം തുടങ്ങിയ പാലം ജംഗ്ഷൻ സന്ദർശിച്ച് മന്ത്രി ജി.ആർ. അനിൽ സ്ഥിതിഗതികൾ വിലയിരുത്തി.

പാലം ജംഗ്ഷനിൽ നിന്ന് കൂട്ടപ്പാറ വരെ മരാമത്ത്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഒപ്പം കാൽനടയായി സഞ്ചരിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ, റീജിയണൽ ട്രാൻ. ഓഫീസർ വി.എസ്.അജിത് കുമാർ, പി.ഡബ്ല്യൂ.ഡി (റോഡ്സ് വിഭാഗം) എക്സി. എൻജിനിയർ, പ്രോജക്ട് ഓഫീസർ ബിജു വർഗീസ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി, സി.പി.എം നേതാവ് എസ്.എസ്.രാജലാൽ, സി.പി.ഐ ജില്ലാ കൗൺസിൽ മെമ്പർ വി.രാജീവ് തുടങ്ങിയവരും ഉണ്ടായിരുന്നു.

ആശയക്കുഴപ്പം

പരിഹരിക്കും:ജി.ആർ.അനിൽ

കരകുളം ഫ്ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിർമ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി, അസൗകര്യങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. ഫ്ളൈ ഓവറിന്റെയും നാലുവരിപ്പാതയുടേയും നിർമാണ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും പദ്ധതി പൂർത്തിയാകുന്നതുവരെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL