തിരുവനന്തപുരം: പത്തനംതിട്ട ചുട്ടിപ്പാറയിലെ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി അമ്മു എ.സജീവിന്റെ മരണത്തിന് കാരണം റാഗിംഗും കോളേജ് അധികൃതരുടെ അവഗണനയുമെന്ന് മാതാവിന്റെ മൊഴി. അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ ഇന്നലെ അന്വേഷണത്തിന്റെ ഭാഗമായെത്തിയ പത്തനംതിട്ട സി.ഐയോടാണ് മരണപ്പെട്ട അമ്മുവിന്റെ അമ്മ രാധാമണി നിറകണ്ണുകളോടെ മൊഴി നൽകിയത്.
കോളേജിലെ ടൂർ കോഓർഡിനേറ്ററായിരുന്ന അമ്മുവിനെ നിസാരകാര്യം പറഞ്ഞു മാറ്റിനിറുത്തിയതായും,പീഡന വിവരവും മകൾ പറഞ്ഞിരുന്നതായി രാധാമണി മൊഴി നൽകി.
കോളേജിലെ പീഡനവും റാഗിംഗും സംബന്ധിച്ച് പിതാവ് സജീവ് കോളേജ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും അവർ മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതാണ് മകൾക്ക് ഇത്തരം ദുര്യോഗമുണ്ടാകുന്നതിന് കാരണമായതെന്നാണ് വീട്ടുകാരുടെ പരാതി.
മകളുടെ മരണവിവരമറിഞ്ഞ് സജീവ് മാനസികമായി തകർന്നതോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മുവിന്റെ മരണശേഷം കോളേജ് അധികൃതർ മറ്റുകുട്ടികളെ ഭയപ്പെടുത്തിയതായും ഇവർ പൊലീസിനോട് പറഞ്ഞു.കോളേജിൽ നടന്ന സംഭവങ്ങളൊന്നും പുറത്തു പറയരുതെന്നും പറഞ്ഞാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണിയെന്നും ഇക്കാരണത്താൽ മറ്റുകുട്ടികൾ കാര്യങ്ങൾ പുറത്തുപറയാൻ മടിക്കുകയാണെന്നും മൊഴിയിലുണ്ട്.
വെള്ളിയാഴ്ച രാത്രി 7ന് താഴെ വനിത ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നാണ് അമ്മു വീണു മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |