SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

കാടിറങ്ങി വന്യജീവികൾ, കൃഷി ഉപേക്ഷിച്ച് കർഷകർ

കിളിമാനൂർ: വന്യജീവി ഭീതിയിൽ ഗ്രാമങ്ങൾ. പകൽസമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്. പാങ്ങോട്, കല്ലറ, പഴയകുന്നുമ്മൽ, പുല്ലമ്പാറ പഞ്ചായത്തുകളിലാണ് വന്യജീവികൾ ഭീതി പരത്തുന്നത്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞ ദിവസം പുല്ലമ്പാറ പഞ്ചായത്തിൽ അനുരാഗിനെ കാട്ടുപന്നി ആക്രമിച്ചതാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഏഴാമത്തെ ആളാണ് അനുരാഗ്. മുൻപ് രാത്രി കാലങ്ങളിൽ മാത്രം പുറത്തിറങ്ങിയിരുന്ന ഇവ ഇപ്പോൾ പകൽ സമയങ്ങളിലും സജീവമാണ്. കുട്ടികളെ സ്കൂളുകളിലേക്കയക്കാൻ തന്നെ ഭയക്കുകയാണ് രക്ഷിതാക്കൾ. ഒരു വിളയും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. ഒന്നാംവിള നെൽകൃഷിയും കാൽഭാഗത്തോളം പന്നികൾ നശിപ്പിച്ചതായി കർഷകർ പറയുന്നു. പണയം വച്ചും ലോണെടുത്തുമൊക്കെ കൃഷിയിറക്കുന്ന കർഷകരെ ഇത് ഏറെ ദുരിതത്തിലാക്കുന്നു.

കൃഷി നാശം

വയലുകളിലെ വരമ്പുകൾ ഉൾപ്പെടെ ഇവ കുത്തി നശിപ്പിക്കുന്നു. കരപ്രദേശത്ത് കൃഷി ചെയ്ത് വാഴ, മരിച്ചീനി, പച്ചക്കറികൾ എന്നിവ ഒന്നില്ലാതെ പന്നികളും കുരങ്ങുകളും നശിപ്പിക്കുന്നു. സ്വകാര്യ വ്യക്തികളുടേതുൾപ്പെടെ വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ കഴിയുന്ന ഇവയുടെ ശല്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. പ്രദേശത്ത് പാടശേഖര സമിതിയുടെയും കൃഷിഭവന്റെയും പഞ്ചായത്തിന്റെയുമെല്ലാം സഹകരണത്തോടെ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന പ്രദേശങ്ങളായിരുന്നു ഇവിടം.

കുരങ്ങ് ശല്യം അതിരൂക്ഷം

തെങ്ങിലെ വെള്ളക്ക ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നതും ഓടിളക്കി വീടിനകത്ത് പ്രവേശിച്ച് ആഹാര സാധനങ്ങൾ കൈക്കലാക്കുന്നതും വാട്ടർ ടാങ്കിന്റെ അടപ്പിളക്കി അതിനകത്തിറങ്ങി കുളിക്കുന്നതും പൈപ്പുകൾ കേടാക്കുന്നതുമെല്ലാം കുരങ്ങുകളുടെ നിത്യസംഭവമാണ്. കൂട്ടത്തോടെ പറന്നിറങ്ങുന്ന മയിലുകൾ പച്ചക്കറി കൃഷിയും കൊത്തി നശിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL