തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക് കടന്നതോടെ സിനിമാ ആവേശം മുറുകുന്നു. തിയേറ്ററുകൾ ഡെലിഗേറ്റുകളുടെ പങ്കാളിത്തത്താൽ നിറഞ്ഞു. നിറഞ്ഞ സദസിലാണ് ഇന്നലെ സിനിമകളെല്ലാം പ്രദർശിപ്പിച്ചത്. കൈരളി, അജന്ത, ടാഗോർ, കലാഭവൻ തിയേറ്ററുകളിൽ ചലച്ചിത്രാസ്വാദകരുടെ തിരക്കായിരുന്നു. ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ലൂക്കാ ഗ്വാഡഗ്നിനോ സംവിധാനം ചെയ്ത ക്വീറിന് വലിയ ജനപങ്കാളിത്തമാണുണ്ടായത്. മെക്സിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, സ്വവർഗ ബന്ധങ്ങളുടെ സങ്കീർണതകളും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളുമാണ് ചർച്ചചെയ്യുന്നത്. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച സ്പാനിഷ് ചിത്രം മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ശോഭന പടിഞ്ഞാറ്റിൽ സംവിധാനം ചെയ്ത 'ഗേൾഫ്രണ്ട്സ്' ന്യൂ തിയേറ്ററിൽ നിറഞ്ഞ സദസിലായിരുന്നു പ്രദർശിപ്പിച്ചത്.ട്രാൻസ് ജെൻഡർ റോസ അടക്കം അഞ്ച് പെൺസുഹൃത്തുക്കളുടെ സൗഹൃദമാണ് ഗേൾ ഫ്രണ്ട്സ് പറയുന്നത്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും സ്വതന്ത്രമായ കാഴ്ചപ്പാടുകളും ചിത്രം പങ്കുവയ്ക്കുന്നു.ജയൻ ചെറിയാന്റെ 'റിതം ഓഫ് ദമ്മം, കലേഡോസ്‌കോപ്പ് വിഭാഗത്തിൽ അഫ്രാത് വി.കെ സംവിധാനം ചെയ്ത റിപ്‌റ്റൈഡ്, മത്സര വിഭാഗത്തിൽ ഇന്നലെ കൈരളിയിൽ പ്രദർശിപ്പിച്ച ഫെമിനിച്ചി ഫാത്തിമ എന്നിവ മൂന്നാം ദിനത്തിൽ പ്രേക്ഷകമനം കവർന്നു. അടിച്ചമർത്തലിന് എതിരെയുള്ള വീട്ടമ്മയുടെ ചെറുത്തുനിൽപ്പാണ് ഫെമിനിച്ചി ഫാത്തിമയുടെ പ്രമേയം. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗ്ജാൻ ഫീൽഡിൽ 2020ൽ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജയിച്ചേംഗ് ഭാഗ്ജാൻ ഒരുക്കിയത്. ഡോക്യുമെന്ററി ശൈലിയിലെടുത്ത സിനിമയിൽ കൂടുതലും അഭിനയിച്ചത് ദുരന്തബാധിതരാണ്. ഈ ചിത്രവും പ്രേക്ഷക ശ്രദ്ധ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |