തിരുവനന്തപുരം: 'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ,പുള്ളിമാനേ...'പ്രേംനസീറിനൊപ്പം നാണം കുണുങ്ങി ശകുന്തളയായി താൻ അഭിനയിച്ച പാട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിലെ സ്ക്രീനിൽ കണ്ടപ്പോൾ മലയാളത്തിന്റെ പ്രിയനടി കെ.ആർ.വിജയയുടെ മുഖം തുടുത്തു. 'ചാലക്കമ്പോളത്തിൽ വച്ചു നിന്നെ കണ്ടപ്പോൾ..'എന്ന പാട്ടിൽ മോഡേൺ വേഷമണിഞ്ഞ് നൃത്തം ചെയ്യുന്ന തന്നെക്കണ്ട് മല്ലികാ സുകുമാരനും പൊട്ടിച്ചിരിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മലയാളസിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' എന്ന പരിപാടിയാണ് നടിമാരുടെ അപൂർവസംഗമത്തിന് വേദിയായത്. മലയാളസിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ 21 നടിമാരെ ചടങ്ങിൽ ആദരിച്ചു. നടിമാരുടെയും സുവർണകാലം അടയാളപ്പെടുത്തിയ പ്രൊഫൈൽ വീഡിയോ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ എബ്രഹാം മാത്യു അണിയിച്ചൊരുക്കിയത് കാണികൾക്ക് ഓർമ്മയുടെ വസന്തം സമ്മാനിച്ചു. ടി.ആർ.ഓമന,വഞ്ചിയൂർ രാധ,വിനോദിനി,രാജശ്രീ, കെ.ആർ.വിജയ,സച്ചു (സരസ്വതി),ഉഷാകുമാരി,ശ്രീലത നമ്പൂതിരി,വിധുബാല,ശോഭന(ചെമ്പരത്തി),കനകദുർഗ,റീന,മല്ലിക സുകുമാരൻ,ഹേമ ചൗധരി,ഭവാനി,അനുപമ മോഹൻ,ശാന്തകുമാരി,സുരേഖ,ജലജ,ശാന്തികൃഷ്ണ,മേനക എന്നിവരെയാണ് ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പൊന്നാടയണിയിച്ച് ആദരിച്ചത്. ഐ.എഫ്.എഫ്.കെ ലോഗോ ആലേഖനം ചെയ്ത ഫലകവും ഉപഹാരവും മന്ത്രി കൈമാറി.
സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയൊരുക്കും: സജി ചെറിയാൻ
സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമ്മാണത്തിലേക്കു സർക്കാർ കടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമയുടെ സാങ്കേതികരംഗത്തെ സ്ത്രീസാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,സാംസ്‌കാരികവകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ,ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്,ഭാഗ്യലക്ഷ്മി,എസ്.ബി.ഐ ജനറൽ മാനേജർ ടി.ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |