തിരുവനന്തപുരം: പേട്ടയിലെ വിവിധ ഭാഗങ്ങളിൽ ലഹരി മാഫിയ സംഘങ്ങളുടെ ശല്യമെന്ന് നാട്ടുകാരുടെ പരാതി. കല്ലുംമൂട്, മധുമുക്ക്, കൗമുദി ലൈൻ എന്നിവിടങ്ങളിലാണ് ഏറെ പ്രശ്നം. വിവിധ തരത്തിലുള്ള ലഹരി കച്ചവടങ്ങളും ഇവിടെ രാത്രിയുടെ മറവിൽ നടക്കുന്നുണ്ട്. കല്ലുംമൂട് മധുമുക്ക് മുതലുള്ള സർവീസ് റോഡിലാണ് ഇക്കൂട്ടർ കൂടുതലായി തമ്പടിച്ച് ലഹരി വില്പനയും ഉപയോഗവും നടത്തുന്നത്. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്ത് ഇരുചക്രവാഹനങ്ങളിൽ സംഘമായും അല്ലാതെയും ചിലർ എത്താറുണ്ടെന്നാണ് പരാതി. പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിൽ വീഴാതെ രക്ഷപെടാനും ഇക്കൂട്ടർക്കറിയാം. ചില ദിവസങ്ങളിൽ ഇക്കൂട്ടർ തമ്മിൽ സംഘർഷമുണ്ടാകുന്നതും പതിവാണ്. നാട്ടുകാർ ഇത് പൊലീസിൽ അറിയിച്ചാൽ പൊലീസ് സാന്നിദ്ധ്യം അടുത്തെത്തുമ്പോൾ അവർ പ്രദേശം വിടും. പിന്നെയുള്ള രണ്ട് മൂന്ന് ദിവസങ്ങളിൽ പൊലീസ് നിരീക്ഷണം ഉണ്ടാകും. ഈ ദിവസങ്ങളിൽ സംഘം എത്താറില്ല. പൊലീസിൽ പരാതി നൽകുന്ന പ്രദേശവാസികളെ ഇവർ ഭീഷണപ്പെടുത്താറുണ്ടെന്നും പരാതിയുണ്ട്. സ്ഥലത്തെ തന്നെ ചില സാമൂഹ്യ വിരുദ്ധരാണ് ഇത്തരം ലഹരി സംഘങ്ങൾക്ക് സൗകര്യം ചെയ്ത് നൽകുന്നതെന്നാണ് ആക്ഷേപം. പൊലീസും എക്സൈസും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |