വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറയിലും തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിലുംവീണ്ടും മോഷ്ടാക്കൾ രംഗത്തിറങ്ങുന്നു.ആനപ്പാറയിൽ അടുത്തടുത്ത ദിവസങ്ങളിൽ അഞ്ച് വീടുകളിൽ മോഷണം നടന്നു.കൊച്ചുമുല്ലച്ചിറയിൽ മാത്രം മൂന്ന് വീടുകളിൽ നിന്നായി നൂറിൽപ്പരം റബർഷീറ്റ് മോഷ്ടിച്ചു. ഇതിനുപുറമേ രണ്ട് വീടുകളിൽ നിന്നായി തേക്കിൻതടിയും പൈപ്പുകളും മോഷണം പോയിട്ടുണ്ട്. രണ്ട്മാസം മുൻപ് ആനപ്പാറ ഷാഹുൽ ഹമീദിന്റെ കടയിൽക്കയറി ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചിരുന്നു. തൊട്ടടുത്ത ദിവസംആനപ്പാറ സുമീഷിന്റെ വീടിന്റെ സിറ്റൗട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലും മോഷ്ടിച്ചു.
നേരത്തെ അനവധി മോഷണങ്ങൾ
മോഷ്ടാക്കൾ കളത്തിലിറങ്ങിയതോടെ ജനം ഭീതിയിലാണ്. നേരത്തെ അനവധി വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണവും കവർന്നു. കൂടാതെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരവും മുറിച്ചുകടത്തി. കാർഷികവിളകളും റബർഷീറ്റും മറ്റും മോഷണം പോയിട്ടുണ്ട്. അന്ന് പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടത്തിയതോടെ മോഷ്ടാക്കൾ കളം വിടുകയായിരുന്നു. എന്നാൽ വീണ്ടും മോഷ്ടാക്കൾ രംഗത്തിറങ്ങുകയാണ്.
തോട്ടുമുക്കിലും മോഷണം
ആനപ്പാറയ്ക്കു പുറമേ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയിലും മോഷ്ടാക്കൾ വിലസുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ തോട്ടുമുക്ക് ജംഗ്ഷനു സമീപത്തുള്ള കടയിൽനിന്നു ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചു. തോട്ടുമുക്ക് ടൗൺ ജുമാമസ്ജിദിലും മോഷണശ്രമം നടന്നു. നേരത്തെ ജംഗ്ഷനിലെ കോഴിക്കടയിൽനിന്നും പണം മോഷണം പോയിരുന്നു.
പട്രോളിംഗ് ശക്തിപ്പെടുത്തണം
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ രണ്ട് പ്രധാന ജംഗ്ഷനുകളാണ് ആനപ്പാറയും തോട്ടുമുക്കും. വിനോദസഞ്ചാരികളുടെ ഇടത്താവളവും കൂടിയാണ്. പൊലീസ് മേഖലയിൽ പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മോഷ്ടാക്കളെ പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |