തിരുവനന്തപുരം: നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിക്കുന്ന 'മധുരം ജീവിതം" വയോജനോത്സവം ഇന്ന് ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനം, യൂണിവേഴ്സിറ്റി സ്റ്റേഡിയം,മാഞ്ഞാലിക്കുളം മൈതാനം,ശംഖുംമുഖം ഐ.ആർ.സി ഇൻഡോർ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടി 16ന് അവസാനിക്കും. ഇന്ന് വൈകിട്ട് 4ന് നഗരസഭാങ്കണത്തിൽ നിന്നാരംഭിക്കുന്ന സായാഹ്ന നടത്തം മേയർ ആര്യാ രാജേന്ദ്രൻ ഫ്ളാഗ് ഒാഫ് ചെയ്യും. വൈകിട്ട് 5ന് മാനവീയം വീഥിയിൽ സമാപിക്കും.11,12 തീയതികളിൽ പുത്തരിക്കണ്ടം മൈതാനത്ത് കലാമത്സരങ്ങളും 13ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം,മാഞ്ഞാലിക്കുളം മൈതാനം,ശംഖുംമുഖം ഐ.ആർ.സി ഇൻഡോർ ഗ്രൗണ്ട് എന്നിവിടങ്ങളിലായി കായിക മത്സരങ്ങളും നടക്കും. 14ന് സെമിനാർ. 15ന് പുത്തരിക്കണ്ടത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്. 16ന് വൈകിട്ട് എസ്.എം.വി സ്‌കൂളിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പുത്തരിക്കണ്ടത്ത് സമാപിക്കും. ശേഷം സമാപനസമ്മേളനവും സമ്മാനദാനവും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുക്കും.വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള നഗരരത്ന പുരസ്‌കാരങ്ങളും സമ്മാനിക്കും. 100 വയസിന് മുകളിൽ പ്രായമുള്ളവരെ ആദരിക്കും. താത്പര്യമുള്ള 60ന് മുകളിൽ പ്രായമുള്ളവർക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഓഫീസ് വഴി അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |