
വരൾച്ചയുടെ സൂചനയെന്ന് ആശങ്ക
തിരുവനന്തപുരം: തലസ്ഥാനത്ത് ദേശാടന, തദ്ദേശീയ പക്ഷികളുടെ സാന്നിദ്ധ്യത്തിൽ വൻ കുറവുണ്ടായതായി പക്ഷിനിരീക്ഷകരുടെ കണ്ടെത്തൽ. ജില്ലയിലെ പ്രധാന തണ്ണീർത്തടവും ജൈവവൈവിദ്ധ്യ കലവറയുമായ വെള്ളായണി കായൽ പ്രദേശത്തും പുഞ്ചക്കരി കൃഷിയിടങ്ങളിലും നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രകൃതി നിരീക്ഷണ ഗവേഷണ സംഘടനയായ വാർബ്‌ളേർസ് ആൻഡ് വെയ്‌ഡേഴ്സ് നടത്തിയ വാർഷിക നീർപ്പക്ഷി കണക്കെടുപ്പിൽ കരിയാള, പുള്ളിക്കാടക്കൊക്ക് ഉൾപ്പെടെ അഞ്ചിലധികം നീർപ്പക്ഷികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ കുറവ് കണ്ടെത്തി. ദേശാടകരായ പുള്ളിക്കാടക്കൊക്കുകളുടെ എണ്ണത്തിൽ 75 ശതമാനമാണ് കുറവ്. ചാര മണൽക്കോഴിയുടെയും ചാരത്തലയൻ തിത്തിരിയുടെ എണ്ണത്തിലും കുറവുണ്ട്. തദ്ദേശവാസികളായ കുളക്കൊക്ക്, ചെറിയ നീർക്കാക്ക, ചിന്നമുണ്ടി എന്നിവയുടെ എണ്ണത്തിലും കുറവ് കണ്ടെത്തി. ഈ വർഷം കടുത്ത വരൾച്ചയുടെ സൂചനയാകാം പക്ഷികളുടെ എണ്ണത്തിലെ കുറവിന് കാരണമെന്ന് പക്ഷിനിരീക്ഷകർ ആശങ്കപ്പെടുന്നു.
അതേസമയം ചെങ്കാലൻ പുള്ള് ഇനത്തിലെ 18 പക്ഷികളെ പുതുതായി കണ്ടെത്താനായത് പ്രതീക്ഷ നൽകുന്നതായി നിരീക്ഷകർ പറയുന്നു. പവിഴക്കാലികളുടെ എണ്ണത്തിലും നേരിയ വർദ്ധനയുണ്ട്. പൊൻമണൽക്കോഴി, ചട്ടുകക്കൊക്കൻ, കരിതപ്പി, വെള്ള ഐബിസ്, ചുണ്ടൻകാട, തീപ്പൊരിക്കണ്ണൻ എന്നിവയാണ് മറ്റു പ്രധാന കണ്ടെത്തലുകൾ. ആർ.ജയപ്രകാശ്, കെ.എ.കിഷോർ തുടങ്ങിയ മുതിർന്ന പക്ഷി നിരീക്ഷകരുടെ നേതൃത്വത്തിൽ നടന്ന നീർപ്പക്ഷി കണക്കെടുപ്പിൽ കെ.എസ്.ജോസ്,ആർ.ആർ.പ്രസാദ്,എസ്.എസ്.രതീഷ്,ജോബി കട്ടേല,ബ്ലെസ്സൻ സന്തോഷ് ജോർജ്,ധനുഷ് മുണ്ടേല,അഭിനയ്.എ.ജെ,രഞ്ജു രവീന്ദ്രൻ,അഭിജിത്.വി.എസ് തുടങ്ങിയ നിരീക്ഷകരും പങ്കാളികളായി.
26വരെ തുടരും
വാർഷിക നീർപ്പക്ഷി കണക്കെടുപ്പ് ഈമാസം 26വരെ തുടരും. താത്പര്യമുള്ളവർക്ക് 9447699236, 9995820948, 7025403827 നമ്പറുകളിൽ വിളിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |