
പള്ളിക്കൽ: പള്ളിക്കൽ പുഴയുടെ തീരങ്ങളെ സംരക്ഷിച്ച് വിനോദ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കുളത്തൂപ്പുഴയിൽ നിന്ന് ഉത്ഭവിച്ച് 56കി.മി ദൂരത്തിൽ ഒഴുകുന്ന ഇത്തിക്കരയാറിന്റെ ഒരുഭാഗമാണ് പള്ളിക്കൽ പ്രദേശത്തുകൂടി കടന്നുപോകുന്ന പള്ളിക്കൽപുഴ. രണ്ട് ജില്ലാ അതിർത്തി ഗ്രാമങ്ങളായ വെളിനല്ലൂർ, പള്ളിക്കൽ പ്രദേശങ്ങളുടെ അതിർത്തികൾ പങ്കുവയ്ക്കുന്നതാണിവിടം. വിനോദസഞ്ചാരികളിൽ പലരും ഇതുവഴി കടന്നുപോകുമ്പോൾ പുഴയുടെ ഭംഗി ആസ്വദിക്കാനായി അല്പസമയം ചെലവിടാറുണ്ട്. എന്നാൽ തീരങ്ങളിലെ അസൗകര്യങ്ങളാൽ വിനോദസഞ്ചാരികളോ തദ്ദേശവാസികളോ പുഴയോരത്ത് അധികസമയം ചെലവഴിക്കാറില്ല. വട്ടത്തിയാറിൽ തുടങ്ങി പകൽക്കുറി പാലം വരെയുള്ള പള്ളിക്കൽ പുഴയുടെ ഭംഗി വിനോദസഞ്ചാരിളെ ആകർഷിക്കുന്ന തരത്തിലേക്ക് ഉയർത്തണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുഴയുടെ തീരങ്ങൾ അശാസ്ത്രീയ മണ്ണെടുപ്പിലൂടെ ഇടിഞ്ഞടങ്ങുന്നതോടെ തീരങ്ങൾ പുഴയാസ്വാദനത്തിന് സുരക്ഷിതമല്ലാതായി. ഇടക്കാലത്ത് മണ്ണുവാരലിലൂടെ ചെറുതും വലുതുമായ നിരവധി കയങ്ങൾ രൂപപ്പെട്ടതിനാൽ പുഴയുടെ ശാന്തത പാടെ മാറി. പകൽക്കുറി ക്ഷേത്രത്തിനടുത്തായി കുളിക്കടവും ശാസ്ത്രീയമായി നിർമ്മിച്ചിട്ടുണ്ടെങ്കിലും പുഴയിലെ ആഴക്കയങ്ങൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നു. പുഴയുടെ കുറുകെ കടക്കുന്നതിന് പകൽക്കുറി ക്ഷേത്രത്തിനടുത്തായി ഒരു തൂക്കുപാലം നിർമ്മിച്ചിട്ടുള്ളത് ആസ്വാദ്യകരമായ കാഴ്ചയാണെങ്കിലും ഇരുകരകളിലും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്.
കുടിവെള്ള സ്രോതസ്
പതിറ്റാണ്ടുകൾക്കു മുമ്പ് ശാന്തമായി ഒഴുകിയിരുന്ന പുഴയിലെ വെള്ളം ഗ്രാമീണർ കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്നു. വയലേലകൾ നിരവധിയുണ്ടായിരുന്ന പള്ളിക്കലെ കർഷകർക്ക് പള്ളിക്കൽപുഴ ആശ്വാസമായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ കർഷകർ കൃഷിയിറക്കാതായതോടെ പുഴയുടെ വശത്തെ ഏലാകൾ തരിശുഭൂമിയായി. പള്ളിക്കൽപുഴ ഒരു കുടിവെള്ള സ്രോതസ് കൂടിയാണ്. പുഴയും തീരവും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ അതിർത്തി ജില്ലകളിലെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആവശ്യങ്ങൾ:
പുഴയിലെ ആഴക്കയങ്ങൾ കണ്ടെത്തി അപായ അറിയിപ്പിനായി ചൂണ്ടുപലകകൾ സ്ഥാപിക്കണം
വിനോദ സഞ്ചാരയോഗ്യമായ സ്ഥലങ്ങളിലെ തീരങ്ങൾ സംരക്ഷിച്ച് നടപ്പാത നിർമ്മിക്കണം
പ്രഭാത സായാഹ്നസവാരിക്കുതകുന്ന തരത്തിൽ നടപ്പാതകൾ നിർമ്മിച്ച് വഴിവിളക്കുകൾ സ്ഥാപിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |