
വിഴിഞ്ഞം: കാൽനട അസാദ്ധ്യമാക്കി ഓടയിലെ മാലിന്യം. നീക്കം ചെയ്യാതെ അധികൃതർ. കോവളം വിഴിഞ്ഞം റോഡിന്റെ ആഴാകുളത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്റെ ഭാഗത്താണ് യാത്രക്കാർക്കേറെ ബുദ്ധിമുട്ടുണ്ടാക്കി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. റോഡ് ടാർ ചെയ്യുന്നതിന്റെ ഭാഗമായി ഓട വൃത്തിയാക്കവെയാണ് ഓടയിലെ മാലിന്യങ്ങൾ കരയിൽ വാരിയിട്ടത്. ഇതോടൊപ്പം മണലും മണ്ണും പല സ്ഥലത്തും കൂനകളായി കൂട്ടിയിട്ടു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുവഴി നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം പലസ്ഥലത്തും ഓടകളിൽ സ്ലാബിടാത്തതും അപകടഭീഷണി ഉയർത്തുന്നു. അത്യാവശ്യ സ്ഥലങ്ങൾക്ക് പകരം മറ്റു ഭാഗങ്ങളിലെ ഓടകളിൽ സ്ലാബ് ഉപയോഗിച്ച് മൂടിയെന്ന ആക്ഷേപവുമുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും ഓടയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലെന്നാണ് പരാതി.
അപകടഭീഷണിയായി ഇലക്ട്രിക് പോസ്റ്റുകൾ
ആഴാകുളത്തെ കെ.എസ്.ഇ.ബിയുടെ സബ്സ്റ്റേഷന് മുന്നിലെ ഇലക്ട്രിക് പോസ്റ്റുകളും കമ്പികൾ ഉൾപ്പെടെയുള്ളവയും അപകടഭീഷണിയുയർത്തുന്നു. കെ.എസ്.ഇ.ബിയുടെ ഓഫീസിന് മുന്നിലെ കാട് വൃത്തിയാക്കി ഓട കെട്ടി സ്ലാബിട്ടെങ്കിലും സബ്സ്റ്റേഷന്റെ മുന്നിൽ റോഡിന് ഇരുവശത്തും പഴയ തടിപോസ്റ്റുകൾ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതത്തിന് തടസമുണ്ടാക്കുന്നു. ഒരുവശത്ത് ബൈപ്പാസിന്റെ ടാറിംഗും മറുവശത്ത് കെ.എസ്.ഇ.ബിയുടെ കേബിൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നതിനാൽ ഈ റോഡ് വഴിയാണ് കൂടുതൽ വാഹനങ്ങളും പോകുന്നത്. ഇതുകൂടിയായതോടെ ഈ റോഡിൽ അപകടഭീഷണി ഉയരുകയാണ്.
കൂട്ടിയിട്ട് സിമന്റ് ചാക്കുകൾ
ഓടപണിയുടെ ഭാഗമായി എത്തിച്ച സിമന്റ് ചാക്കുകൾ പലഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
സമരപരിപാടികളുമായി സി.പി.ഐ
ഓടയിൽ നിന്നും വാരിയിട്ട മാലിന്യങ്ങളും സിമന്റ് ചാക്കുകളും എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ട് എ.ഇ അടക്കമുള്ള അധികൃതരെ സമീപിച്ചിട്ടും നടപടിയായില്ലെന്നും ഇവ എത്രയും വേഗം മാറ്റിയില്ലെങ്കിൽ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ കോവളം ലോക്കൽകമ്മിറ്റി സെക്രട്ടറി മുട്ടയ്ക്കാട് പി.വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |