വെഞ്ഞാറമൂട്: ചൂട് വർദ്ധിച്ചതോടെ പഴവിപണിയിൽ വിലക്കയറ്റവുമേറി. എങ്കിലും ഈ വേനലിൽ ആശ്വാസമാവുകയാണ് പൈനാപ്പിൾ. മറ്റ് പഴങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ പൈനാപ്പിൾ വിലയിലെ കുറവ് ജനങ്ങൾക്ക് വല്ലാത്ത ആശ്വാസമാകുകയാണ്. ലോഡുകണക്കിന് പൈനാപ്പിളാണ് വഴിയരികിലും പഴക്കടകളിലും ദിനംപ്രതിയെത്തുന്നത്. വില കിലോയ്ക്ക് 20മുതൽ 30 രൂപ വരെയാണ്. പഴമായോ ജ്യൂസായോ ജാമായോ കഴിക്കാൻ പറ്റുന്ന ഒന്നാണ് പൈനാപ്പിൾ. പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളിൽ നിന്നാണ് കൂടുതലായും പൈനാപ്പിളെത്തുന്നത്. ഇപ്പോൾ നാട്ടിൻപുറങ്ങളിലെ റബർ എസ്റ്റേറ്റുകളിലും പൈനാപ്പിൾ കൃഷി വ്യാപകമാണ്. വീട്ടുമുറ്റത്തും ടെറസുകളിലും കവറുകളിലായി ഇപ്പോൾ വീട്ടമ്മമാർ പൈനാപ്പിൾ നടുന്നുണ്ട്. പൈനാപ്പിൾ ജ്യൂസ്, സ്ക്വാഷ്, ജാം എന്നിവയ്ക്കും ഡിമാന്റേറെയാണ്.
ആരോഗ്യ ഗുണങ്ങളേറെ
വേനൽക്കാല വിളയായ പൈനാപ്പിളെന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. കുട്ടികൾക്ക് നൽകാൻ മികച്ച പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |