തൃപ്രയാർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. വലപ്പാട് ആനവിഴുങ്ങി തൊഴുത്തുംപറമ്പിൽ അജയന്റെ ഭാര്യ അനുവിനാണ് (33) കുത്തേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. മദ്യപാനിയായ അജയന്റെ ഉപദ്രവം മൂലം അഞ്ച് വർഷമായി അനു കുന്നംകുളത്തുള്ള വീട്ടിലാണ് താമസം. അജയന്റെ കൂടെ രണ്ട് മക്കളുണ്ട്. കയ്പ്പമംഗലത്ത് ഒരു സ്ഥാപനത്തിൽ ജോലിയുള്ള അനു ഇവരെ കാണാൻ ഇടയ്ക്കിടക്ക് ആനവിഴുങ്ങിയിലെത്താറുണ്ട്. തിങ്കളാഴ്ച വീട്ടിലേക്ക് കുട്ടികളെ കാണാൻ വരണമെന്ന് പറഞ്ഞ് അജയൻ വിളിച്ചത് പ്രകാരം ജോലി കഴിഞ്ഞ് മടങ്ങവേ അനു ആനവിഴുങ്ങിയിലെ വീട്ടിലെത്തിയപ്പോഴാണ് അജയൻ കുത്തിയത്. വയറിന്റെ ഇടത് ഭാഗത്താണ് കുത്തേറ്റത്. ഉടനെ ചോരയൊലിച്ച നിലയിൽ ഓട്ടോയിൽ അനു വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തി. സമീപത്തെ ദയ എമർജൻസി കെയർ സെന്ററിലെത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ അനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |