SignIn
Kerala Kaumudi Online
Saturday, 24 October 2026 7.52 PM IST

ബാലരാമപുരം ജംഗ്ഷൻ വികസനം തുലാസിൽ

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതവികസനം സംബന്ധിച്ച് ബഡ്ജറ്റിൽ ധനമന്ത്രിയുടെ പരാമർശം ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി ഭൂവുടമകൾ. സാമൂഹികാഘാതപഠനം നടത്തി അടിപ്പാത ഒഴിവാക്കി ബാലരാമപുരം ജംഗ്ഷൻ റൗണ്ട് എബൗട്ട് മാതൃകയിൽ വികസനം നടത്തണമെന്ന് രൂപരേഖ തയ്യാറാക്കിയിട്ട് വർഷം മൂന്ന് പിന്നിട്ടിട്ടും ദേശീയപാത അധികൃതർക്ക് മിണ്ടാട്ടമില്ലെന്നാണ് ആക്ഷേപം.

ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളെ ബാധിക്കുന്ന ഹൈവേയാണ് തിരുവനന്തപുരം-കന്യാകുമാരി പാത. പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെ സ്ഥലമേറ്റെടുത്തിട്ട് പത്ത് വർഷത്തോളമായി. ഒന്നാം പിണറായി സർക്കാർ രണ്ടാംഘട്ടം കൊടിനടവരെ പൂർത്തീകരിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനമില്ലായ്മ പാതവികസനത്തെ പിന്നോട്ടടിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാതവികസനത്തിന് വീണ്ടും ടെൻഡർ നൽകിയിരിക്കുന്നത്. ദേശീയപാതവികസനത്തിന്റെ കാലതാമസത്തിനെതിരെ സി.കെ.ഹരീന്ദ്രൻ,​കെ.ആൻസലൻ,​ എം.വിൻസെന്റ് ഉൾപ്പെടെയുള്ളവർ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചെങ്കിലും കിഫ്ബി വഴി നടപടികൾ വേഗത്തിൽ നടക്കുന്നുവെന്ന മന്ത്രിയുടെ പ്രഖ്യാപമല്ലാതെ ടെൻഡർ നടപടികൾ പോലും ഇതേവരെ പൂർത്തീകരിച്ചിട്ടില്ല.

നഷ്ടപരിഹാരം വൈകുന്നു

കൊടിനട- മുതൽ വഴിമുക്ക് അമ്പതോളം ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും കിട്ടാനുണ്ട്. ഇവരിൽ നിന്നും വസ്തുവിന്റെ രേഖകളും ഉടമസ്ഥാവകാശമുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളും വസ്തു വിട്ടുനൽകുന്നതു സംബന്ധിച്ചുള്ള സമ്മതപത്രമുൾപ്പെടെ റവന്യൂവകുപ്പ് വഴി ദേശീയപാത അതോറിട്ടിക്ക് കൈമാറിയിരുന്നു. കച്ചവടസ്ഥാപനങ്ങളിൽ നിന്നും ഉപജീവനം നഷ്ടമാകുന്നവർക്കുള്ള ജീവനാംശതുകയും വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ കിഫ്ബി വഴി നഷ്ടപരിഹാരം കൈമാറി ജനുവരിയിൽ ടെൻഡർ വിളിച്ച് പാതവികസനം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടും ഭൂവുടമകളെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടില്ല.

ആവശ്യം ശക്തം

ജില്ലയിൽ അറിയപ്പെടുന്ന വാണിജ്യവ്യാപാര കേന്ദ്രമാണ് ബാലരാമപുരം. ദേശീയപാതവികസനം വൈകുന്നത് ബാലരാമപുരത്തെ കച്ചവടത്തേയും ബാധിച്ചിരിക്കുകയാണ്. ദേശീയപാതവികസനം നിയമസഭയിൽ വീണ്ടും സബ്മിഷനായി ഉന്നയിക്കാൻ എം.വിൻസെന്റ് എം.എൽ.എയോട് ഭൂവുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വഴിമുക്ക് മുതൽ കളിയിക്കാവിള വരെ സ്ഥലമേറ്റെടുത്ത് പാതവികസനം വേഗത്തിലാക്കാൻ ബ‌‌‌ഡ്ജറ്റിൽ കൂടുതൽ തുക കിഫ്ബി ഫണ്ട് വഴി വകയിരുത്തണമെന്ന് വി.ജോയി എം.എൽ.എയും നിയമസഭയിൽ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം നൽകണമെന്ന്

കെട്ടിട ഉടമകൾക്കുള്ള നഷ്ടപരിഹാരം ഭാഗികമായേ വിതരണം ചെയ്തിട്ടുള്ളൂ. കൊടിനട-വഴിമുക്ക് വികസനത്തിന്റെ കാര്യത്തിൽ സർക്കാരും ഉദ്യോഗസ്ഥരും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപരിഹാരം ഇനിയും വൈകിപ്പിച്ചാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എ.റഹീം,​ വൈസ് പ്രസിഡന്റ് വി.സുധാകരൻ,​ സെക്രട്ടറി വി.മോഹൻദാസ്,​ ജോ.സെക്രട്ടറിമാരായ എം.എ.ഖാദർ,​ അമരവിള ഷാജഹാൻ,​ ട്രഷറർ പട്ടം ജോയി എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL