SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

കാര്യവട്ടം ഗവ.കോളേജിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം ഇരുകൂട്ടർക്കെതിരെയും കേസ്

READ ENGLISH VERSION

കഴക്കൂട്ടം: കാര്യവട്ടം ഗവ.കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയിൽ ഇരുകൂട്ടർക്കെതിരെയും കേസെടുത്ത് കഴക്കൂട്ടം പൊലീസ്. സംഭവത്തിൽ റാഗിംഗ് നടന്നിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്.

സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന കാരണത്താൽ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസ്,ബയോകെമിസ്ട്രി വിദ്യാർത്ഥി അഭിഷേക് എന്നിവരെ മർദ്ദിച്ചെന്നാണ് കേസ്. എന്നാൽ തങ്ങളെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർത്ഥികളും പരാതി നൽകി.

ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ഒൻപത് പേർക്കെതിരെ കേസെടുത്തു. സീനിയർ വിദ്യാർത്ഥികളായ അലൻ,ആനന്ദൻ,വേലു,സൽമാൻ,ശ്രാവൺ,പാർത്ഥൻ, ഇമ്മാനുവൽ എന്നിവർക്കെതിരെയാണ് ആദ്യം കേസെടുത്തത്.

അതേസമയം ജൂനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്ന് കാട്ടി സീനിയർ വിദ്യാർത്ഥിയായ അലൻ നൽകിയ പരാതിയിൽ ജൂനിയർ വിദ്യാർത്ഥികളായ അഭിഷേക്,​പ്രദീപ് എന്നിവർക്കെതിരെയും കഴക്കൂട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

മർദനമേറ്റ ജൂനിയർ വിദ്യാർത്ഥികൾ തങ്ങൾക്കു നേരെയുണ്ടായത് റാഗിംഗ് പീഡനമാണെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് ആഹാരം കഴിച്ചശേഷം താനും ബിൻസും കൈകഴുകി നിൽക്കവേ,മൂന്നാം വർഷ സീനിയർ വിദ്യാർത്ഥികളെത്തി. അവരെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ക്യാമ്പസിലെ യൂണിയൻ ഓഫീസിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് ഷർട്ട് വലിച്ചുകീറിയ ശേഷം മർദ്ദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും മർദ്ദനവും നടന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും റാഗിംഗ് നടന്നോയെന്ന് വിശദമായി പരിശോധിക്കുമെന്നും പ്രിൻസിപ്പൽ സന്ധ്യ പറഞ്ഞു. അതിനുശേഷമാകും തുടർനടപടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL