SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

ചൂട് ശമിപ്പിക്കാൻ തണ്ണിമത്തനുകൾ

thannimathanukal

ആറ്റിങ്ങൽ: വേനൽച്ചൂടിൽ സാധാരണക്കാർക്ക് ദാഹമകറ്റാൻ പലതരം തണ്ണിമത്തനുകൾ നിറച്ച് വഴിയോരക്കച്ചവടക്കാർ. പുറംതോടിന് ഇളംപച്ച, കടുംപച്ച, മഞ്ഞ നിറങ്ങളിലുള്ള തണ്ണിമത്തനുകൾ വിപണിയിലുണ്ട്. ചൂട് സമയങ്ങളിൽ മറ്റു പഴവർഗങ്ങളെ അപേക്ഷിച്ച് വില താരതമ്യേന കുറവായതിനാൽ സാധാരണക്കാരുടെ ഇഷ്ടങ്ങളിൽ മുൻപന്തിയിലാണ് തണ്ണിമത്തൻ. ഉൾക്കാമ്പിൽ 80 ശതമാനം വരെ ജലാംശമുള്ളതിനാൽ കൊടുംചൂടിൽ തണ്ണിമത്തന് ആസ്വാദകരേറെയുണ്ട്. കീടനാശിനി പ്രയോഗം ഉണ്ടായാലും കട്ടിയുള്ള തൊലി അത് പ്രതിരോധിക്കുമെന്നതിനാൽ തണ്ണിമത്തൻ ആരോഗ്യഹാനിയല്ലെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട്ടിലെ വിവിധ മേഖലകളിൽ നിന്നാണ് തണ്ണിമത്തനേറെയും കേരളത്തിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ആലപ്പുഴയിലും പാലക്കാട്ടും തണ്ണിമത്തൻ കൃഷി വ്യാപകമാണ്. എങ്കിലും വിപണിയിൽ ഭൂരിഭാഗവും തമിഴ്നാട് കൈയടക്കിക്കഴിഞ്ഞു. കേരളത്തിൽ പ്രധാനമായി മൂന്നിനമാണ് കൃഷി ചെയ്യുന്നത്. കട്ടികൂടിയ തൊലിയും മഞ്ഞയും, പച്ചയും വരകളുള്ളതുമായ ഇനമാണ് ഷുഗർ ബേബി, കുരുവില്ലാത്ത രണ്ട് ഇനങ്ങളാണ് ശോണിമയും സ്വർണവും. പച്ചനിറത്തിലുള്ള തൊലിയും അകം ചുവപ്പുമായ ഇനമാണ് ശോണിമ, മഞ്ഞനിറത്തിൽ പുറംതൊലിയും അകം ചുവപ്പുമായതുമായ ഇനമാണ് സ്വർണം. കേരളത്തിലേക്കുള്ള തണ്ണിമത്തൻ വരവ് കൂടുതലും തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും ചെങ്കൽപ്പേട്ട് നിന്നുമാണ്.കിലോഗ്രാമിന് 25 മുതൽ 50 രൂപ വരെയാണ് തണ്ണിമത്തൻ വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL