വെഞ്ഞാറമൂട്: സ്കൂൾ ക്ലാസുകളിൽ തുടങ്ങിയ സൗഹൃദം പിന്നീടത് പ്രണയത്തിലെത്തി.വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനും കൊല ചെയ്യപ്പെട്ട ഫർസാനയും വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചിരുന്നത്.
ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറി. പഠിക്കാൻ മിടുക്കിയായ ഫർസാനയ്ക്ക് ഹയർ സെക്കൻഡറിക്ക് അതേ സ്കൂളിൽ തന്നെ സീറ്റ് കിട്ടി. പഠനത്തിൽ അത്ര മിടുക്കനല്ലാത്ത അഫാന് മറ്റൊരു മാനേജ്മെന്റ് സ്കൂളിലും സീറ്റ് ലഭിച്ചു. പാതിവഴിയിൽ പഠനവും ഉപേക്ഷിച്ചു. എന്നാൽ ഇതിനിടയിലും ഇവരുടെ പ്രണയം തുടർന്നു.
ഫർസാനയുടെ വീടിനു സമീപത്തുള്ള അഫാന്റെ രണ്ട് സുഹൃത്തുക്കളുടെ വീട്ടിൽ ഇവരെ കാണാനെന്ന വ്യാജേനയെത്തി ഫർസാനയെ കണ്ടുമടങ്ങും.
ഇടയ്ക്ക് വിദേശത്ത് മാതാവിനും അനുജനുമൊപ്പം വിസിറ്റിംഗിന് പോയപ്പോഴും ബന്ധം തുടർന്നു.നാട്ടിലെത്തി വീണ്ടും ജോലിക്കായി വിദേശത്ത് പോയെങ്കിലും ജോലി ഉപേക്ഷിച്ച് മടങ്ങി.
നാട്ടിലെത്തി ഫർസാനയുടെ സഹോദരനും സുഹൃത്തുക്കളുമായും സൗഹൃദം സ്ഥാപിക്കുകയും ഇവർക്കൊപ്പം ഷട്ടിൽ കളിക്കാനൊക്കെ പോവുകയും ചെയ്തു. ഇടയ്ക്ക് സംശയം തോന്നിയ ഫർസാനയുടെ സഹോദരൻ ഇവരുടെ സൗഹൃദത്തെ ചോദ്യം ചെയ്തെങ്കിലും സ്കൂൾ പരിചയം മാത്രമെന്നു പറഞ്ഞ് ഒഴിഞ്ഞു.
എന്നാൽ കുറച്ച് നാളുകൾക്കുശേഷം പ്രണയം ഫർസാനയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും സാധാരണ കുടുംബമായ ഇവർ മകളുടെ പഠനം കഴിയട്ടെയെന്ന് പറയുകയായിരുന്നു. സംഭവ ദിവസം വൈകിട്ട് 4ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിസരത്തു വച്ച് പ്രതിയുടെ ബൈക്കിൽ ഫർസാന പോകുന്നത് പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കണ്ടിരുന്നു. കൊല്ലാനാണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞില്ലല്ലോ എന്നുപറഞ്ഞു വിതുമ്പുകയാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |