ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ. ഓമനക്കുട്ടിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് താമസിച്ചിരുന്നപ്പോൾ രണ്ടാഴ്ചയിലൊരിക്കൽ ആറ്റുകാൽ ക്ഷേത്രത്തിലെത്തിയിരുന്നുവെന്നും പ്രാർത്ഥനകളെല്ലാം അമ്മ സഫലമാക്കിയെന്നും ചലച്ചിത്രതാരം നമിത പ്രമോദ്. പ്രധാനവേദിയിൽ ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു നമിത. ഇത്തവണ പൊങ്കാലയ്ക്ക് ഞാനുമുണ്ടാകും.കുട്ടിക്കാലത്ത് പൊങ്കാലയിടാൻ അമ്മയോടൊപ്പം എത്തിയിരുന്നു.ഞാൻ ആദ്യമായി കയറിയ ക്ഷേത്രം ആറ്റുകാലാണ്.പണ്ട് ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ കാണാനെത്തിയിരുന്നു. ഇന്ന് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് സ്വപ്നനിമിഷമായി കരുതുന്നു.
ഈവർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമ്മാനിച്ചു. അംബാപുരസ്‌കാരം ഏറ്റുവാങ്ങാനായത് ജീവിതപുണ്യമായി കരുതുന്നുവെന്ന് ഓമനക്കുട്ടി പറഞ്ഞു. ശ്രീനിധേ മാമഹ സർവ രൂപേശ്വരി എന്നു തുടങ്ങുന്ന ദേവീസ്തുതി ഓമനകുട്ടി ആലപിച്ചു.50,000 രൂപയും ആറ്റുകാൽ ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ ലോക്കറ്റും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ അംബാ പുരസ്‌കാര ഫലകവും ചെയർമാൻ എസ്.വേണുഗോപാൽ പ്രശസ്തി പത്രവും നൽകി.സ്വർണലോക്കറ്റ് ട്രസ്റ്റ് സെക്രട്ടറി കെ.ശരത്കുമാറും പുരസ്‌കാരത്തുക ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻനായരും ഓമനക്കുട്ടിക്ക് സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ ഡി.രാജേന്ദ്രൻ നായർ,ട്രഷറർ എ.ഗീതകുമാരി, സെക്രട്ടറി കെ.ശരത്കുമാർ, ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, ഭാരവാഹികളായ എസ്.ഗോപാലകൃഷ്ണൻനായർ, എം.എസ്.ജ്യോതിഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. അംബാപ്രസാദം പൊങ്കാല പതിപ്പ് നമിത പ്രമോദ് കെ.ഓമനക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
കൺട്രോൾ റൂം തുറന്നു
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആരംഭിച്ച പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് നിർവഹിച്ചു. ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്മുഖ്,ഫോർട്ട് അസി.കമ്മീഷണർ പ്രസാദ്,സി.ഐ ശിവകുമാർ, കൺട്രോൾ റൂം അസി.കമ്മീഷണർ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |