
വർക്കല: സഞ്ചാരികൾക്ക് ഏറെ പ്രിയമേറിയ ബീച്ചുകളിലൊന്നാണ് വർക്കല തിരുവമ്പാടി ബീച്ച്. പ്ലേസർ നിക്ഷേപത്തിന്റെ ഭാഗമായി കണ്ടുവരുന്ന കരിമണലാണ് ബീച്ചിന്റെ പ്രത്യേകത. ഇക്കാരണത്താൽ ബ്ലാക്ക് സാൻഡ് ബീച്ചെന്നും അറിയപ്പെടുന്നു.
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൾട്ടി സ്പെസിസ് ഹാച്ചറിയും അക്വേറിയം കോംപ്ലക്സും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അക്വേറിയത്തോടു ചേർന്ന് ആംഫി തിയേറ്ററോടുകൂടിയ ചിൽഡ്രൻസ് പാർക്കും ജലകൃഷി വികസന ഏജൻസിയും അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്ററും ഇവിടെയുണ്ട്. വികസനം അതിവേഗം യാഥാർത്ഥ്യമാക്കേണ്ട പ്രദേശമായിട്ടും സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. ബ്ലാക്ക് ബീച്ച് വികസനം സാദ്ധ്യമായാൽ പ്രദേശത്തിന്റെ മുഖച്ഛായ മാറും. ഒപ്പം സംസ്ഥാന ടൂറിസത്തിന് അഭിമാനിക്കാൻ ഒട്ടേറെ സാദ്ധ്യതകൾ സമ്മാനിക്കാനുമാകും.
സുരക്ഷയൊരുക്കണം
സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സഞ്ചാരികൾ പോസ്റ്റുകളിടുന്നത് മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന അധികൃതരുടെ കാഴ്ചപ്പാട് മാറണം. കൂടുതൽ വിദേശികൾ ബ്ലാക്ക് ബീച്ചിലെത്തുന്നതിന് സഞ്ചാരികളുടെ യാത്രാകുറിപ്പുകളും വിവരണങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ബ്ലാക്ക് ബീച്ചിൽ വിദേശ വനിതകൾക്കു നേരെ അനവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും സുരക്ഷയുടെ കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. പൊലീസിന്റെ എയ്ഡ് പോസ്റ്റ് പ്രദേശത്ത് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പൊലീസ് പട്രോളിംഗും കുറവാണ്. തെരുവ് വിളക്കുകൾ കത്താത്തത് സാമൂഹ്യവിരുദ്ധർക്ക് അവസരമൊരുക്കുന്നു.
ലഹരിവഴികൾ
ടൂറിസത്തിന്റെ മറവിൽ വർക്കലയിലെ ബീച്ചുകൾ കേന്ദ്രീകരിച്ച് മദ്യവും കഞ്ചാവും മറ്റുരാസലഹരികളും യഥേഷ്ടം ലഭിക്കുന്നുണ്ട്. കരുതൽ നടപടികളോ പരിശോധനകളോ ഇല്ലാതെ ബീച്ചുകൾ ലഹരി കേന്ദ്രങ്ങളായി മാറുന്ന അവസ്ഥയാണ്.
കരിമണൽ നിധി ശേഖരങ്ങൾ
ഘടകധാതുക്കളുടെ ഗുണനിലവാരത്തിൽ ലോകത്തെ ഏറ്റവും മികച്ച കരിമണലാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ളത്. ഭൂഗർഭശാസ്ത്രത്തിൽ അവശിഷ്ട പ്രക്രിയകളിൽ, ഒരു പ്രത്യേക ഉറവിട പാറയിൽ നിന്ന് ഗുരുത്വാകർഷണം വേർപെടുന്നതിലൂടെ രൂപപ്പെട്ടുവരുന്ന ധാതുക്കളുടെ ശേഖരണമാണ് പ്ലേസർ നിക്ഷേപം. ഇരുമ്പ് ഓക്സൈഡുകളുടെ തിളങ്ങുന്ന കറുത്ത നിറത്തിലുള്ള മിശ്രിതം,മാഗ്നെറ്റ്,റൂൈട്ടൽ, ക്രോമൈറ്റ്,സിർക്കോൺ എന്നീ ധാതുക്കളാണ് കരിമണലിൽ കൂടുതലായും കാണപ്പെടുന്നത്. പ്രദേശത്തെ ധാതുസമ്പത്തിനെകുറിച്ചുള്ള ആധികാരിക പഠനവും ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |