SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

പൊങ്കാലപ്പുണ്യം തേടി ഭക്തർ

തിരുവനന്തപുരം: അനന്തപുരി നാളെ കൺതുറക്കുക ആറ്റുകാൽ പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്ക്. ലക്ഷക്കണക്കിന് വനിതകൾ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലെത്തും. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിനത്തിലാണ് പൊങ്കാല. ക്ഷേത്ര പരിസരത്തും ചുറ്റുപാടുകളിലും പൊങ്കാല അടുപ്പുകൾ രണ്ടുനാൾ മുമ്പേ നിരന്നുകഴിഞ്ഞു. ദേവിയെ കാപ്പുകെട്ടി പാട്ടുപന്തലിൽ കുടിയിരുത്തിയ നാൾതൊട്ട് വ്രതപുണ്യമനുഷ്ഠിച്ച് ശുദ്ധിനേടിയ മനസുമായാണ് ബാലികമാർ മുതൽ മുത്തശ്ശിമാർ വരെ പൊങ്കാല അർപ്പിക്കാനെത്തുന്നത്. ഇന്നലെ മുതൽ ബസിലും ട്രെയിനിലുമൊക്കെയായി ഭക്തർ എത്തിത്തുടങ്ങി. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഭക്ത‌രെത്തും. ശരീരവും മനസും അമ്മയിൽ അർപ്പിച്ച് പൊങ്കാല സമർപ്പണ നിമിഷത്തിനായുള്ള കാത്തിരിപ്പാണ് ഇനി. നാളെ രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീപകരും. ഉച്ചയ്ക്ക് 1.15നാണ് പൊങ്കാല നിവേദ്യം.

 ഭക്തരുടെ ശ്രദ്ധയ്ക്ക്

⇒ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ട ശേഷമേ പൊങ്കാല അടുപ്പിൽ തീ കത്തിക്കാൻ പാടുള്ളൂ

⇒ അടുപ്പിന് പച്ചക്കട്ട പാടില്ല, പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ടുവരരുത്

⇒പൊങ്കാലയിടാൻ കോട്ടൺ,​ കോടി വസ്ത്രമാണ് ഉത്തമം

⇒പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല

⇒ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാൽ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം

⇒ശേഷം പ്രസാദം കഴിക്കാവുന്നതാണ്

⇒പൊങ്കാല കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവീചൈതന്യം കുടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി

രൗദ്രഭാവത്തിൽ ദേവി

കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്നു വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്ന ഭാഗമാണ് തോറ്റംപാട്ടിൽ ഇന്നലെ അവതരിപ്പിച്ചത്. കോവലനെ വധിച്ചതിനോടുള്ള ദുഃഖസൂചകമായി ഇന്നലെ രാവിലെ 7നാണ് നട തുറന്നത്. ഈ സമയം ദേവിയുടെ മുഖം മറച്ചിരുന്നു. കെടാവിളക്ക് കെടുത്തിയിരുന്നു. കോപാകുലയായ ദേവി കോവലനെ വധിക്കാൻ കാരണക്കാരനായ സ്വർണപ്പണിക്കാരനെ വധിക്കുന്ന ഭാഗം ഇന്ന് അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL