SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ആറ്റുകാൽ പൊങ്കാല : ഹീറ്റ് ക്ലിനിക്കുകളും മെഡിക്കൽ സംഘങ്ങളും സജ്ജം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് സുരക്ഷയൊരുക്കാൻ ആരോഗ്യവകുപ്പ് സജ്ജം. ഹീറ്റ് ക്ലിനിക്കുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളും ഉൾപ്പെടെ ഒരുക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനാണ് തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളത്.സൂര്യാതപം പോലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കാൻ കൂളർ,ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ക്ലിനിക്കുകളിലുണ്ടാകും.

പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും 24 മണിക്കൂറുമുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കിടക്കകൾ മാറ്റിവയ്ക്കും

പൊള്ളലേൽക്കുന്നവർക്ക് ഉൾപ്പെടെ വിദഗ്ദ്ധ ചികിത്സയയ്ക്ക് മെഡിക്കൽ കോളേജ്,ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 10 കിടക്കകൾ മാറ്റിവയ്ക്കും.നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും പ്രത്യേക കിടക്കകളും അത്യാഹിത ചികിത്സ നൽകാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കും.

അന്നദാനത്തിന് രജിസ്ട്രേഷൻ

അന്നദാനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധം.

ആറ്റുകാൽ ദേവീ ഒാഡിറ്റോറിയത്തിനു സമീപമുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കൺട്രോൾ റൂമിൽ അന്നദാനം നടത്തുന്നവർക്കുള്ള രജിസ്‌ട്രേഷൻ ലഭിക്കും.

നഗരത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഇതുവരെ 1005 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL