SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

സംരക്ഷണമില്ലാതെ രാജനിർമ്മിത വഴിയമ്പലം

vaziambalam

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ രാജനിർമ്മിതവും ചരിത്ര സ്മാരകവുമായ വഴിയമ്പലം നാശത്തിന്റെയും തകർച്ചയുടെയും വക്കിൽ. വാമനപുരം നദിയിൽ പൂവമ്പാറ പാലത്തിന് സമീപം മേലാറ്റിങ്ങൽ റോഡിൽ പഴയകുളിക്കടവിന് സമീപത്ത് തലയെടുപ്പോടെ നിൽക്കുന്ന വഴിയമ്പലമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പൈതൃകം ഉൾക്കൊള്ളുന്ന ചരിത്രനിധിയാണ് ഈ വഴിയമ്പലമെന്ന് ചരിത്രരേഖകൾ പറയുന്നു. തിരുവിതാംകൂർ രാജകുടുംബവുമായി അഭേദ്യമായ ബന്ധം ഈ വഴിയമ്പലത്തിന് ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. പഴയകാലത്ത് വഴിയാത്രക്കാർക്കും വാമനപുരം നദിയിൽ ജലയാത്ര നടത്തുന്നവർക്കും നാട്ടുകാർക്കും വിശ്രമിക്കുന്നതിനായി തിരുവിതാംകൂർ രാജകുടുംബം കരിങ്കല്ലിൽ നിർമ്മിച്ചതാണ് കൗതുകമുണർത്തുന്ന ഈ വഴിയമ്പലം. കരിങ്കല്ലുകളിൽ നിരവധി ചിത്രപ്പണികളാൽ പത്ത് കരിങ്കൽ തൂണുകളിൽ നിർമ്മിച്ച വഴിയമ്പലത്തിന്റെ മേൽക്കൂരയും ഇരിപ്പിടങ്ങളും കരിങ്കല്ലിൽ തന്നെയാണ്. കാലപ്പഴക്കം വഴിയമ്പലത്തിന് നാശങ്ങൾ വരുത്തി. അടിസ്ഥാനം മുതൽ മേൽക്കൂര വരെ ഇപ്പോൾ ഇളകിക്കഴിഞ്ഞു.

റോഡും തകർച്ചയിൽ

മേൽക്കൂരയിലെ കരിങ്കല്ലിൽ പുല്ലും പാഴ്മരങ്ങളും വളർന്നിട്ടുണ്ട്. അടിസ്ഥാനത്തിന്റെ കല്ലിളകി വഴിയിൽ കിടക്കുകയാണ്. മഴക്കാലമായാൽ ഇതുവഴിയുള്ള കാൽനട യാത്രയും ദുഃസഹമാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയമ്പലത്തിന് കുലുക്കമുണ്ട്. ഇവിടെ റോഡും തകർന്ന നിലയിലാണ്.

ഏതുനിമിഷവും നിലംപതിക്കാം

വഴിയമ്പലത്തിന് വിളിപ്പാടകലെയാണ് പ്രസിദ്ധമായ മേലാറ്റിങ്ങൽ ശിവക്ഷേത്രം. ക്ഷേത്രത്തിലെ നിവേദ്യത്തിനായി വെള്ളം ശേഖരിക്കുന്നത് വഴിയമ്പലത്തിന് തൊട്ടുമുന്നിലുള്ള നദിക്കടവിൽ നിന്നാണ്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള വഴിയമ്പലത്തിന്റെ അടിത്തറയിളകി പലഭാഗങ്ങളും അടർന്നുവീണ് ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. വഴിയമ്പലത്തെ നിലനിറുത്താനും സംരക്ഷിക്കാനും നഗരസഭയോ പുരാവസ്തു വകുപ്പോ തയ്യാറാകാത്തതിൽ ജനങ്ങൾക്ക് അതിയായ പ്രതിഷേധമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL