കല്ലറ: നാട്ടിൻപുറങ്ങളിൽ കടന്നലിന്റെയും തേനീച്ചകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കെട്ടിടങ്ങളുടെ മുകളിലും മരത്തിലും ഒക്കെയായി കൂടുകൂട്ടുന്ന ഇവയെ നശിപ്പിക്കാൻ പരിശീലനം നേടിവർ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഒരാഴ്ച മുമ്പ് വിറക് ശേഖരിക്കുന്നതിനിടെ ദമ്പതികൾക്ക് കടന്നൽക്കുത്തേറ്റിരുന്നു. മുതുവിള കൊച്ചുകരിക്കകം മാടൻനട സ്വദേശികളായ ശശിധരൻ ഭാര്യ രമ എന്നിവർക്കാണ് പരിക്കേറ്റത്. റബർ മരത്തിലെ ഉണങ്ങിയ ചില്ല ഒടിക്കാൻ ശ്രമിക്കുതിനിടെ തോട്ട കടന്നൽക്കൂട്ടിൽ തട്ടിയാണ് കടന്നലുകൾ ഇളകിയത്. ഇവർ കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. രണ്ടാഴ്ച മുമ്പ് നഗരൂർ പഞ്ചായത്തിൽ കോട്ടയ്ക്കൽ വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും കടന്നലുകളുടെ കുത്തേറ്റിരുന്നു. ഇതിൽ പരിക്കേറ്റവരെ കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.എല്ലാവരും അപകടനില തരണം ചെയ്‌തു.
എണ്ണം കൂടുന്നു
മുൻവർഷങ്ങളിലും തേനീച്ചകളുടെയും കടന്നലുകളുടെയും ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നെങ്കിലും ഈവർഷം ആക്രമണത്തിന്റെ തോത് കൂടുതലാണ്. ഇവയെ പിടികൂടാനോ നശിപ്പിക്കാനോ കൃത്യമായ സംവിധാനം വനംവകുപ്പിനില്ല. പക്ഷികൾ തട്ടുമ്പോഴോ പുക ഉയരുമ്പോഴോ ആണ് ഇവ ആക്രമിക്കുന്നത്.
ആശ്രയം സ്വകാര്യ പരിശീലകർ
അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയിൽപ്പെട്ട് പല ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്. 2000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടുവരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |