
ഉള്ളൂർ: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്.
റേഡിയേഷൻ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആർ.ടി സാധാരണ കോശങ്ങൾക്ക് കേടുപാട് വരാതെ കാൻസർ കോശങ്ങളിൽ മാത്രം കൃത്യമായ റേഡിയേഷൻ നൽകാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും. റേഡിയേഷൻ ചികിത്സയിൽ ഉയർന്ന കൃത്യത ഉറപ്പാക്കുന്നതിനും ശരീരത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ത്രീഡി ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ ഉപരിതലം നിരീക്ഷിക്കുന്നതിനാൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് തത്സമയം കണ്ടെത്താം. സർക്കാർ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു റേഡിയേഷൻ തെറാപ്പി ചികിത്സാസംവിധാനം സജ്ജമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
1.സ്തനാർബുദം, ശ്വാസകോശാർബുദം, മറ്റ് ക്യാൻസർ രോഗങ്ങൾ എന്നിവയിലാണ് സാധാരണ എസ്.ജി.ആർ.ടി ചികിത്സ നൽകുന്നത്.
2.കൃത്യമായ സ്ഥലത്ത് റേഡിയേഷൻ നൽകുന്നതിലൂടെ അനാവശ്യമായ റേഡിയേഷൻ ശരീരത്തിൽ പതിക്കുന്നത് കുറയ്ക്കാൻ സാധിക്കുന്നു.
3.ശരീരത്തിൽ ടാറ്റൂ ചെയ്ത് മാർക്കിട്ടാണ് സാധാരണ റേഡിയേഷൻ. എന്നാൽ ഈ നൂതന ചികിത്സയിൽ ടാറ്റു വേണ്ട
4.സാധാരണ റേഡിയേഷനിടെ രോഗിയുടെ ചലനം മാറിയാൽ റേഡിയേഷനും മാറിപ്പോകും എന്നാൽ എസ്.ജി.ആർ.ടി ചികിത്സയിൽ ഈ പേടി വേണ്ട
5.ചികിത്സയ്ക്കിടെ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ത്രീഡി സാങ്കേതികവിദ്യയിലൂടെ കണ്ടെത്താം. ഇത് റേഡിയേഷൻ ചികിത്സയുടെ കൃത്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യമുള്ള കോശങ്ങൾ നശിക്കില്ല
സ്തനാർബുദ ചികിത്സയിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി വളരെ ഫലപ്രദമാണ്. സ്തനത്തിലെ കാൻസർ കോശങ്ങളുടെ കൃത്യമായ സ്ഥാനത്ത് റേഡിയേഷൻ നൽകുന്നതിനാൽ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകില്ല. ഇടത്തേ നെഞ്ചിൽ റേഡിയേഷൻ നൽകുമ്പോൾ ഹൃദയത്തിന് കേടുപാട് സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചികിത്സയിലൂടെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും റേഡിയേഷൻ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും സാധിക്കുന്നു.
സുരക്ഷിതവും ഫലപ്രദവും
എസ്.ജി.ആർ.ടി ഉപയോഗിച്ച് ശ്വാസോച്ഛ്വാസം നിരീക്ഷിച്ച് റേഡിയേഷൻ നൽകുന്നതിനാൽ മറ്റ് അവയവങ്ങളെ സംരക്ഷിക്കാനും സാധിക്കുന്നു. ഇത് ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി സ്തനാർബുദ രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |